പ്രധാനമന്ത്രി ഈ മാസം സൗദിയിലെത്തും

റിയാദ്: ഒക്ടോബറില്‍ അവസാനത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോഡി സൗദിയിലെത്തും. തുടര്‍ന്ന് സൗദിയിലെ ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മോഡി റിയാദിലെ എക്‌സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും.

വ്യാപാരം, സാമ്ബത്തികം, നിക്ഷേപം, ഊര്‍ജം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച്‌ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും ഉപപ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും ചര്‍ച്ച നടത്തും. നിരവധി കരാറുകള്‍ അണിയറയിലാണ്. മോഡിയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്.

അടുത്തിടെ അരാംകൊ എണ്ണ പ്ലാന്റിൽ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം സൗദി ഭീകരതയ്ക്കെതിരെ നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാഷ്ട്രങ്ങളുമായി ചേർന്ന് ആഗോള ഭീകരതയെയ്ക്കെതിരെ പോരാട്ടം ശക്തമാക്കാനുമാണ് തീരുമാനം.

ഈ വര്‍ഷം ഫെബ്രുവരിയില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തിയിരുന്നു. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കും എന്ന അജണ്ടയിലാണ് അന്ന് ചര്‍ച്ചകള്‍ ദില്ലിയില്‍ നടന്നതും നേതാക്കള്‍ പിരിഞ്ഞതും. മോദിയുടെ രണ്ടാം സൗദി സന്ദര്‍ശനത്തിനിടെ ഇതിന്റെ തുടര്‍ചര്‍ച്ചകളുണ്ടായേക്കും.