ഇല്ലാതായത് ഒരു കുടുംബത്തിന്റെ ആശ്രയം, ശ്രീനിവാസന്റെ വരവ് കാത്തിരുന്ന മകള്‍ അറിഞ്ഞത് ദുരന്ത വാര്‍ത്ത, ആശ്വസിപ്പിക്കാന്‍ പോലുമാകാതെ ഉറ്റവര്‍

പാലക്കാട്: മേലാമുറിയില്‍ അക്രമിസംഘം ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയതോടെ ഇല്ലാതായത് ഒരു കുടുംബത്തിന്റെ താങ്ങും തണലും ആശ്രയവുമാണ്. ശ്രീനിവാസന്റെ മകളുടെ സങ്കടവും നെഞ്ച് പൊട്ടിയുള്ള ചോദ്യങ്ങളും കേട്ട് നിശ്ചലമായി നില്‍ക്കാനെ എല്ലാവര്‍ക്കുമായുള്ളു. ”അമ്മാ, അച്ഛന്‍ എന്തു ചെയ്തിട്ടാണ് അവര്‍ ഇങ്ങനെ ചെയ്തത്. അച്ഛന്‍ ആരോടും ദേഷ്യപ്പെടാറു പോലുമില്ലല്ലോ”, എന്ന ശ്രീനിവാസന്റെ മകള്‍ വിനീതയുടെ ചോദ്യത്തിന് ആര്‍ക്കും മറുപടി നല്‍കാന്‍ പോലും ഉണ്ടായിരുന്നില്ല. എന്ത് പറഞ്ഞ് അവളെ ആശ്വസിപ്പിക്കും എന്നും ആര്‍ക്കും നിശ്ചയമില്ല.

ടൗണില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ അച്ഛന്റെ വരവും കാത്തിരിക്കുകയായിരുന്നു വിനീത. എന്നാല്‍ പിന്നീട് വിനീത അറിയുന്നത് അച്ഛന്‍ അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആണെന്ന വിവരമാണ്. വാര്‍ത്ത കേട്ട ഉടനെ ഭാര്യ ഗോപിക കുഴഞ്ഞു വീണു. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം വീട്ടില്‍ തിരികെ എത്തിച്ചു. പ്രായമായ അച്ഛന്‍ അനന്തകൃഷ്ണനും അമ്മ ഇന്ദ്രാണിയും ഉള്‍പ്പെടെയുള്ള കുടുംബത്തെ നോക്കിയിരുന്നതു ശ്രീനിവാസനായിരുന്നു. വെരിക്കോസ് വെയിന്‍ മൂലം ശ്രീനിവാസന് അധികം വേഗത്തില്‍ നടക്കാന്‍ സാധിക്കുമായിരുന്നില്ല.

ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായ ശ്രീനിവാസന്‍ നഗരത്തില്‍ ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്കു വഴിയൊരുക്കിയ നേതാക്കളിലൊരാളാണ്. തിരഞ്ഞെടുപ്പുകളില്‍ മൂത്താന്തറയിലും നഗരത്തിലും പ്രചാരണം നയിച്ചിരുന്നതും ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു. അസുഖത്തെത്തുടര്‍ന്നാണു സ്ഥാനങ്ങള്‍ ഒഴിഞ്ഞത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പാലക്കാട് മേലാമുറി ജംക്ഷനു സമീപമുള്ള കടയില്‍ ശ്രീനിവാസനെ അക്രമികള്‍ വെട്ടിവീഴ്ത്തിയത്. 3 ഇരുചക്രവാഹനങ്ങളിലെത്തിയ ആറംഗ സംഘത്തിലെ 3 പേര്‍ അകത്തുകയറി ശ്രീനിവാസനെ തലങ്ങും വിലങ്ങും വെട്ടി. പ്രതികള്‍ ഇരുചക്ര വാഹനങ്ങളില്‍ എത്തുന്നതിന്റെയും ആക്രമണത്തിനുശേഷം കടന്നുകളയുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.