ചൈനയിൽ നിന്ന് അടക്കം അഞ്ചു രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് ആർടിപിസിആർ പരിശോധന

ന്യൂഡല്‍ഹി. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ചൈന ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്കാണ് വിമാനത്താവളങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ചൈന, തായ്ലന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പരിശോധന നിര്‍ബന്ധിമാക്കിയത്.

രോഗലക്ഷണങ്ങള്‍ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനില്‍ പ്രവേശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുക് മാണ്ഡവ്യ അറിയിച്ചു. ഈ രാജ്യങ്ങളില്‍നിന്നു വരുന്ന യാത്രക്കാര്‍ എയര്‍ സുവിധ റജിസ്‌ട്രേഷന്‍ വീണ്ടും നിര്‍ബന്ധമാക്കി. നിലവില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.

ഇന്ത്യയിലേക്ക് എത്തുന്ന രാജ്യാന്തര വിമാന യാത്രക്കാര്‍ക്കിടയില്‍ ഇടവിട്ടു ചിലരെ പരിശോധിക്കാനുള്ള മാര്‍ഗരേഖ വ്യോമയാന മന്ത്രാലയം നല്‍കിയിരുന്നു. ഇതുപ്രകാരം, ഓരോ വിമാനത്തിലും എത്തുന്നവരിലെ 2% പേര്‍ക്ക് ഇന്നു രാവിലെ മുതല്‍ ആര്‍ടിപിസിആര്‍ പരിശോധന ആരംഭിച്ചു.