തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

കണ്ണൂര്‍. റബ്ബറിന് 300 രൂപയായി ഉയര്‍ത്തിയാല്‍ ബിജെപിയെ സഹായിക്കാം എന്ന തലശ്ശേരി ബിഷപ്പ് മാര്‍ ജോസ്ഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനും ബിഡിജെഎസ് നേതാവുമായ കെ ഉണ്ണികൃഷ്ണന്‍ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ബിഷപ്പ് ഹൗസിലെത്തിയാണ് ഉണ്ണികൃഷ്ണന്‍ ബിഷപ്പിനെ കണ്ടത്.

ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വലിയ ചര്‍ച്ചയാണ് വിഷയത്തില്‍ നടന്നത്. സിപിഎമ്മും കോണ്‍ഗ്രസും ബിഷപ്പിനെ പരിഹസിച്ച് രംഗത്തെത്തിയപ്പോള്‍ ബിജെപി നേതാക്കള്‍ ബിഷപ്പിനെ അനുകൂലിച്ചും രംഗത്തെത്തി. കൂടിക്കാഴ്ചയില്‍ കാര്‍ഷിക വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. റബ്ബര്‍ കര്‍ഷകരെ സഹായിക്കുവനായി റബ്ബറിന് 300 രൂപയായി ഉയര്‍ത്തണമെന്ന് റബ്ബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന് മുന്നിലും ബിഷപ്പ് ഉന്നയിച്ചു.

അതേസമയം കാര്‍ഷിക വിളയായി കേന്ദ്രസര്‍ക്കാര്‍ റബ്ബറിനെ പ്രഖ്യാപിച്ചാല്‍ മാത്രമെ താങ്ങുവില നല്‍കുന്ന കാര്യത്തില്‍ തീരുമാനം എടുക്കു. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രമന്ത്രിമാരും ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയേക്കും. കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ കേരളത്തില്‍ വരും മാസങ്ങളില്‍ എത്തുന്നുണ്ട്.