ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇടപെട്ടിരുന്നുവെന്ന് എസ് ജയശങ്കർ

ന്യൂഡല്‍ഹി. കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ തുടര്‍ച്ചയായി ഇടപെടുന്നുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. തുടര്‍ച്ചയായി ഇടപെടലുകള്‍ നടന്നതാണ് ഉദ്യോഗസ്ഥരെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി, ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കടന്ന് പോകുന്നത്.

കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ പുരോഗതി ഉണ്ടായാല്‍ കനേഡിയന്‍ വിസ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് പരിഗണിക്കാം എന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ തുല്യത വേണം. ഭാരതത്തിന്റെ പ്രവര്‍ത്തനത്തില്‍ ന്യായമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ചട്ടം ലംഘിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കനേഡിയന്‍ ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ ഇടപെടലുകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഖലിസ്താനി ഭീകരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരുടെ പങ്കാളിത്തത്തെക്കുറിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.