വേഷം മാറി സിനിമ കാണാനെത്തി സായ്പല്ലവി, കണ്ടുപിടിച്ച് ആരാധകർ

വേഷം മാറി ഒറ്റയ്ക്ക് സിനിമ കണ്ടിറങ്ങുന്ന സായി പല്ലവിയുടെ വിഡിയോ വൈറലാവുന്നു. മഹേഷ് ബാബു നായകനായി എത്തിയ പുതിയ ചിത്രം സർക്കാർ വാരി പാട്ട കാണാനാണ് സായ് പല്ലവി തിയറ്ററിൽ എത്തിയത്. ബഞ്ചാര ഹിൽസിൽ സിനിമ കാണാനായി എത്തിയ താരത്തെ ആരാധകർ തിരിച്ചറിയുകയായിരുന്നു. തല വഴി ഷാൾ കൊണ്ടു മൂടി മാസ്‌കും ധരിച്ച് വളരെ കാഷ്വൽ വസ്ത്രത്തിലാണ് താരത്തെ കാണുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഈ വിഡിയോ. സിനിമ തിയറ്ററിനുള്ളിൽ വച്ച് സായ് പല്ലവിയെ ആരും ശ്രദ്ധിച്ചില്ല. കണ്ണു മാത്രം പുറത്തുകാണുന്ന രീതിയിലായിരുന്നു താരത്തിന്റെ വസ്ത്രധാരണം.

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് സായി പല്ലവി. പ്രേമം എന്ന മലയാള ചിത്രത്തിലൂടെയാണ് സായി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് താരത്തിന് കരിയറിൽ തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല. തെന്നിന്ത്യയിലെ സൂപ്പർ നായികയായി സായി മാറി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും താരം തിളങ്ങി. അഭിനയത്തോടൊപ്പം മികച്ച ഒരു നർത്തകി കൂടിയാണ് താൻ എന്ന് പല വട്ടം സായി തെളിയിച്ചിട്ടുണ്ട്. എന്നാൽ പൊതു വേദികളിൽ പ്രത്യക്ഷപ്പെടുമ്പോൾ നടി അധികം മേക്ക്അപ്പ് ഉപയോഗിക്കാറില്ല.

നാനി നായകനായി എത്തിയ ശ്യം സിംഗ റോയ് ആയിരുന്നു നടി അഭിനയിച്ച് ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രം കാണാൻ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റാണ ദഗ്ഗുബട്ടി നായകനാവുന്ന വിരാട പർവമാണ് സായ് പല്ലവി അഭിനയിക്കുന്ന അടുത്ത ചിത്രം.