രാജി ജനാധിപത്യമൂല്യം ഉയര്‍ത്തിപ്പിടിച്ച്; പുതിയ മന്ത്രി ഉടനില്ല- കോടിയേരി ബാലകൃഷ്ണന്‍

വിവാദ പ്രസംഗത്തെ തുടര്‍ന്ന് സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവെച്ചത് സന്ദര്‍ഭോചിതവും ഉചിതവുമായ നടപടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണഘടന അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് സിപിഐഎം. പ്രസംഗത്തില്‍ വീഴ്ച സംഭവിച്ചെന്ന് മനസ്സിലാക്കിയ അദ്ദേഹം രാജിവെക്കാന്‍ സന്നദ്ധനായി. ഒരു മാതൃക കൂടിയാണ് അദ്ദേഹം സ്വീകരിച്ചതെന്ന് കോടിയേരി പറഞ്ഞു.

പുതിയ മന്ത്രിയുടെ കാര്യത്തില്‍ ഇപ്പോള്‍ തീരുമാനം എടുത്തിട്ടില്ല. സജി ചെറിയാന്‍ പറഞ്ഞതെല്ലാം ശരിയായിരുന്നെങ്കില്‍ അദ്ദേഹം രാജിവെ്‌കേണ്ട എന്ന നിലപാട് സ്വീകരിക്കുമായിരുന്നു. സംസാരിച്ച കൂട്ടത്തില്‍ ചില തെറ്റ് സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.