സിനിമ പരാജയപ്പെട്ടാലും താരങ്ങള്‍ പ്രതിഫലം കൂട്ടുന്നു, ഇത് തുടരാനാവില്ല; ജി സുരേഷ് കുമാര്‍

കൊച്ചി: മലയാള സിനിമ കടുത്ത പ്രതിസന്ധിയിലെന്ന് ഫിലിം ചേംബര്‍. സൂപ്പര്‍താരങ്ങള്‍ പ്രതിഫലം കുത്തനെ കൂട്ടുന്നതാണ് അതിന് കാരണമായി പറയുന്നത്. സിനിമ പരാജയപ്പെട്ടാലും പ്രതിഫലം വര്‍ധിപ്പിക്കുന്നുവെന്ന് ഫിലിം ചേംബര്‍ പ്രസിഡന്റ് ജി സുരേഷ് കുമാര്‍ പറഞ്ഞു. പടം പൊട്ടിയാലും പ്രതിഫലം കൂട്ടുന്നു. അതൊരു നല്ല പ്രവണതയല്ല അവര്‍ക്ക് മാത്രം ജീവിച്ചാല്‍ പോരല്ലോ. ഒരു വിഭാഗം മാത്രം പണമുണ്ടാക്കുന്നത് നീതിയല്ല- ജി സുരേഷ് കുമാര്‍ പറഞ്ഞു.

സൂപ്പര്‍താരങ്ങള്‍ 5 മുതല്‍ 15 കോടിയാണ് വാങ്ങുന്നത്. നായികമാര്‍ 50- 1 കോടി. യുവതാരങ്ങള്‍ 75 ലക്ഷം മുതല്‍ 3 കോടിവരെ. പ്രധാനസഹതാരങ്ങള്‍ 15- 30 ലക്ഷം. കോവിഡാനന്തരം റിലീസ് ചെയ്ത മലയാള സിനിമകള്‍ ഭൂരിഭാഗവും പരാജയപ്പെട്ടു. തിയേറ്ററുടമകളും വിതരണക്കാര്‍ നിര്‍മാതാക്കള്‍ എല്ലാവരും കടുത്ത പ്രതിസന്ധിയിലാണ്. ഇത് തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്.

വലിയതാരങ്ങളുടെ ചിത്രങ്ങള്‍ക്ക് ഒടിടിയില്‍ വന്‍തുക ലഭിച്ചേക്കാം. എന്നാല്‍ ചെറിയ സിനിമകള്‍ക്ക് ഒടിടിയില്‍ നിന്ന് കാര്യമായ വരുമാനം ലഭിക്കില്ല. സമീപകാലത്ത് റിലീസ് ചെയ്ത സിനിമകളില്‍ വിരലിലെണ്ണാവുന്ന സിനിമകളാണ് തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. പ്രതിഫലം കുറക്കുന്നതിനെക്കുന്നതിനെക്കുറിച്ച് താരങ്ങള്‍ ഗൗരവകരമായി ആലോചിച്ചില്ലെങ്കില്‍ സിനിമ വ്യവസായം തകരുമെന്നാണ് ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറയുന്നത്.