ശക്തികുളങ്ങരയിൽ ബൈക്ക് കെ.എസ്.ആര്‍.ടി.സി. ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കാവനാട്: ശക്തികുളങ്ങരയില്‍ ബൈക്ക് കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ കാവനാട് മുക്കാട് സഹനയില്‍ ജെറോം അബ്രോയുടെയും സൂസി അബ്രോയുടെയും മകന്‍ ജസ്റ്റസ് ജെ. അബ്രോ (33) ആണ് മരിച്ചത്.

ശക്തികുളങ്ങര സുപ്രഭാതം ഹോട്ടലിന് സമീപമാണ് അപകടം നടന്നത്. ശക്തികുളങ്ങരയിലേക്ക് പോകുകയായിരുന്ന ജസ്റ്റസിന്‍റെ ബൈക്ക് എതിരെവന്ന കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. മേവറത്ത് സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ലണ്ടന്‍ പാര്‍ലമെന്റില്‍ ഷെഫ് ആയി ജോലിചെയ്തുവരികയായിരുന്നു. ജനുവരിയിലാണ് വിവാഹത്തിനുവേണ്ടി നാട്ടിലെത്തിയത്. അടുത്തമാസം തിരിച്ചുപോകാനിരിക്കുകയായിരുന്നു.മൃതദേഹം ശങ്കേഴ്‌സ് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് മുക്കാട് ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍ നടക്കും. ഭാര്യ: നീണ്ടകര ഹെവന്‍സ് ഡെയിലില്‍ എയ്ഞ്ചല്‍ ആന്റണി. സഹോദരന്‍: ബെയ്‌സില്‍ ജെ. അബ്രോ (യു.കെ.).