ഇന്ത്യയുമായുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിൽ മികച്ച പുരോ​ഗതി കൈവരിച്ചു, പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ചൈന

ബെയ്ജിങ്: ഇന്ത്യയുമായുള്ള അതിർത്തി തർക്കം പരിഹരിക്കുന്നതിൽ മികച്ച പുരോ​ഗതി കൈവരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിങ്സ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ചൈന. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് ഉഭയകക്ഷി ബന്ധം ആരോ​ഗ്യകരമായി നിലനിർത്തുന്നതിനും ചൈനയോടൊപ്പം ഇന്ത്യ സഹകരിക്കുമെന്ന് കരുതുന്നതായും ചൈന.

നയതന്ത്രതലത്തിലും സൈനികതലത്തിലും ഇന്ത്യയും ചൈനയും തമ്മിൽ അടുത്ത ആശയവിനിമയം തുടരുകയാണെന്നും ഇത് മികച്ച പുരോ​ഗതി കൈവരിച്ചിട്ടുണ്ടെന്നുമായിരുന്നു അവരുടെ പ്രതികരണം. ഇന്ത്യയുടെയും ചൈനയുടെയും ആരോ​ഗ്യകരമായ ബന്ധത്തിലൂടെ ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങൾ നിറവേറ്റാനുകുമെന്ന് തങ്ങൾ വിശ്വസിക്കുന്നതായി മാവോ നിങ്സ് പ്രത്യാശപ്രകടിപ്പിച്ചു.

ദീര്‍ഘകാലമായുള്ള ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം എത്രയുംവേഗം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ഇതുവഴി ഉഭയകക്ഷി ബന്ധത്തിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാന്‍ കഴിയുമെന്നുമായിരുന്നു അമേരിക്കൻ മാസികയായ ന്യൂസ് വീക്കിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നത്. ഈ അഭിമുഖത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് മാവോ നിങ്സ് നിലപാട് വ്യക്തമാക്കിയത്.

നയതന്ത്രതലത്തിലും സൈനികതലത്തിലുമുള്ള ക്രിയാത്മകമായ ചര്‍ച്ചകളിലൂടെ നമ്മുടെ അതിര്‍ത്തികളില്‍ സമാധാനം പുനഃസ്ഥാപിക്കാനും അത് നിലനിര്‍ത്താനും കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോദി അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും ചൈനയുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തില്‍ ദീർഘനാളത്തെ മൗനം വെടിഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രതികരണം.