ഷിന്‍ഡെ സര്‍ക്കാറിന് ആയുസ് ആറ്മാസം മാത്രം; എല്ലാവരും ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങണമെന്ന് ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ വിമത ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ വീഴുമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ശരദ് പവാര്‍. അതിനാല്‍ മഹാരാഷ്ട്രയില്‍ ഉടന്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുമെന്നും എല്ലാവരും അതിനായി തയ്യാറെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ എന്‍സിപി നിയമസഭാംഗങ്ങളെയും പാര്‍ട്ടിയുടെ മറ്റ് നേതാക്കളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പവാര്‍.

‘ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന പല വിമത എം.എല്‍.എമാരും നിലവിലെ ക്രമീകരണത്തില്‍ തൃപ്തരല്ലെന്ന് പവാര്‍ പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുകള്‍ വിതരണം ചെയ്തുകഴിഞ്ഞാല്‍, അവരുടെ അസ്വസ്ഥത പുറത്തുവരും, ഇത് സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും,’ അദ്ദേഹം പറഞ്ഞു. ഇതോടെ നിരവധി വിമത എംഎല്‍എമാരെ അവരുടെ യഥാര്‍ത്ഥ പാര്‍ട്ടിയിലേക്ക് മടങ്ങുന്നതിലേക്ക് നയിക്കുമെന്നും പവാര്‍ ചൂണ്ടിക്കാട്ടി. നമ്മുടെ കയ്യില്‍ ആറ് മാസമുണ്ട്. എന്‍സിപി നിയമസഭാംഗങ്ങള്‍ അതത് നിയമസഭാ മണ്ഡലങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി.

ഏറെ നാളത്തെ രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം ഏക്‌നാഥ് ഷിന്‍ഡെ വ്യാഴാഴ്ചയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു. 40 ഓളം വിമത എം.എല്‍.എമാരാണ് ഷിന്‍ഡെക്കൊപ്പം ചേര്‍ന്നത്. ഇതോടെയാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി (എംവിഎ) സര്‍ക്കാര്‍ നിലം പൊത്തിയത്.