സ്വവര്‍ഗരതി പ്രകൃതി വിരുദ്ധമെന്ന് ജമാഅത്തെ ഇസ്ലാമി വിശേഷിപ്പിക്കുന്നതെന്തിന്; ആഞ്ഞടിച്ച് ശീതള്‍ ശ്യാം

കോഴിക്കോട്: പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ക്കിടയിലുള്ള സ്‌നേഹത്തെ, പ്രണയത്തെ, ഒരുമിച്ചുള്ള ജീവിതത്തെ ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം പ്രകൃതിവിരുദ്ധം എന്ന് വിശേഷിപ്പിക്കുന്നതിന്റെ യുക്തി എന്താണ്?എല്‍.ജി.ബി.ടി.ക്യൂ പ്ലസ് കമ്മ്യൂണിറ്റിയെ അധിക്ഷേപിച്ചുകൊണ്ടുള്ള ജമാഅത്തെ ഇസ്‌ലാമി പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം. വൈവിധ്യങ്ങളെ അംഗീകരിക്കാനാകാത്ത ഏത് മനുഷ്യരും അടിസ്ഥാനപരമായി ഫാസിസ്റ്റുകളാണെന്ന് ശീതള്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.

രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം പ്രത്യുല്‍പ്പാദനവും വംശവര്‍ധനവും മാത്രം ലക്ഷ്യമാക്കിയാണോ മുന്നോട്ടുപോകുന്നത്? ലോകം വളരെ വലിയ മാറ്റങ്ങളിലേക്ക് കുതിക്കുന്ന ഈ സാഹചര്യത്തില്‍ സ്ത്രീകള്‍,
പെണ്‍കുട്ടികള്‍ മുസ്‌ലിം മത നൂനപക്ഷങ്ങള്‍ ലിംഗ ലൈംഗീക നൂനപക്ഷങ്ങള്‍ ഇവര്‍ക്കൊക്കെ ഈ ലോകത്ത് ജീവിക്കാന്‍ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ ന്യൂനപക്ഷമായ മുസ്‌ലിം സ്ത്രീകള്‍ തന്നെ നേതൃത്വം കൊടുക്കുന്ന ഒരു സംഘടന എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയുടെ അവകാശങ്ങള്‍ക്ക് നേരെ ശബ്ദമുയര്‍ത്തുന്നത് പ്രതിഷേധാര്‍ഹമാണെന്നും ശീതള്‍ പറഞ്ഞു.

‘തമിഴ്‌നാട്ടില്‍ കുറച്ചുമാസങ്ങള്‍ക്ക് മുന്‍പാണ് കണ്‍വെന്‍ഷന്‍ തോര്‍പ്പി ബാന്‍ ചെയ്ത് ബഹുമാനപ്പെട്ട ഹൈക്കോടതി വിധി പറഞ്ഞത്, ‘ജുഡീഷ്യറി, പൊലീസ്, ഫാമിലി, സ്‌കൂള്‍, പബ്ലിക്, ഇന്‍സ്റ്റിറ്റിയൂഷന്‍, എന്നിവിടങ്ങളില്‍ ക്വീര്‍ സമൂഹത്തെ കുറിച്ച് ബോധവല്‍ക്കരണം നല്‍കേണ്ടത് ഗവണ്‍മെന്റ് ചെയ്യേണ്ട ഉത്തരവാദിത്വമാണെന്നാണ്’ ഇവിടേയും എത്രയും പെട്ടെന്ന് അത്തരത്തിലുള്ള ഒരു ഇടപെടല്‍ ആവശ്യമാണ്. ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം ക്വീര്‍ വിഭാഗങ്ങള്‍ക്കെതിരെ സംഘടിപ്പിക്കുന്ന ജനാധിപത്യ വിരുദ്ധ പരിപാടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു,’ ശീതള്‍ ഫേസ്ബുക്കില്‍ എഴുതി.