ഷാരോൺ നോവാകുന്നു, മരണ മൊഴിയിൽ പോലും ഗ്രീഷ്മയെ ഒറ്റുകൊടുത്തില്ല

ഷാരോണിന്റെ മരണം ആരുടെയും കണ്ണുനനയിക്കും, കാമുകിയായ ഗ്രീഷ്മ കഷായം നൽകിയിട്ടും അവളിൽ സംശയം തോന്നാതിരിക്കാൻ ഷാരോൺ വീട്ടിൽ ഡേറ്റു കഴിഞ്ഞ ജൂസ് കുടിച്ചുവെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ഷാരോൺ ഗ്രീഷ്മയെ അന്തമായി വിശ്വസിച്ചിരുന്നു. പലതവണ അവശനിലയിലായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടും ​ഗ്രീഷ്മയെ കുറ്റവാളിയാക്കാൻ ഷാരോൺ ശ്രമിച്ചില്ലെന്നത് ഏവരേയും വിഷമിപ്പിക്കുന്നതാണ്

ഗ്രീഷ്മയുമായി സ്ഥിരമായി ജൂസ് കുടിക്കുമായിരുന്ന കാര്യം അറിയാമായിരുന്ന വീട്ടുകാര്‍ ഗ്രീഷ്മ എന്തെങ്കിലും വിഷ വസ്തു തന്നോ എന്നു ചോദിച്ചെങ്കിലും ഷാരോൺ നിഷേധിച്ചു. അവൾ അങ്ങനെ തന്നിട്ടില്ലെന്നും തന്നെ അപായപ്പെടുത്താൻ ഒരിക്കലും ശ്രമിക്കില്ലെന്നുമാണ് ഷാരോൺ പറഞ്ഞത്. അവസാനം നടത്തിയ വാട്സാപ് ചാറ്റിലും തനിക്ക് ഒന്നുമില്ലെന്നും വിഷമിക്കരുതെന്നും പറയുന്ന ഷാരോൺ, തന്നെ വിട്ടുപോകരുതെന്നും ഗ്രീഷ്മയോട് ആവശ്യപ്പെടുന്നുണ്ട്. തീരെ അവശനായതോടെ ഡോക്ടർമാർ പൊലീസിൽ വിവരം അറിയിച്ചു.

ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് ഷാരോണിന്റെ മാതാപിതാക്കൾ പറയുന്നത്. എന്നാൽ ഷാരോണുമായുള്ള ബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ ശക്തമായി എതിർത്തു. അവനെ വിവാഹം ചെയ്താൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഗ്രീഷ്മയുടെ മാതാപിതാക്കളുടെ ഭീഷണി. ഷാരോൺ അന്യമതസ്ഥനായിരുന്നുവെന്നതാണ് എതിർപ്പിന് കാരണം.

നിരന്തരം വഷളാവുകയും വീണ്ടും യോജിക്കുകയും ചെയ്യുന്ന തരത്തിലുള്ള ബന്ധമായിരുന്നു ഇരുവരുടേതും. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഗ്രീഷ്മയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. ഇതോടെ ബന്ധം കൂടുതൽ വഷളായി. ബന്ധത്തിൽ നിന്ന് പിന്മാറാൻ ഷാരോണിനോട് പലകുറി പലരീതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തതിനെ തുടർന്നാണ് ഷാരോണിനെ ഒഴിവാക്കാൻ കടുംകൈ ചെയ്തതെന്നാണ് ഗ്രീഷ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

ഇതുപ്രകാരം ഷാരോണിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ബാത്റൂമിൽ പോയ സമയത്ത് കഷായത്തിൽ വിഷം കലർത്തി ഇത് ഷാരോണിന് നൽകി. കഷായം കഴിച്ച ഷാരോൺ അവിടെ തന്നെ ശർദ്ദിച്ചു. പിന്നീട് സുഹൃത്തിനൊപ്പം മടങ്ങി. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് കീടനാശിനി കഷായത്തിൽ കലർത്തി നൽകിയത്. കാപ്പിക്ക് എന്ന കളനാശിനി കലർത്തിയതെന്നാണ് ഗ്രീഷ്മയുടെ മൊഴി.

ബന്ധത്തിൽ നിന്നും പിന്മാറാനാണ് ജാതകദോഷമുള്ളതായി ഷാരോണിനോട് പറഞ്ഞിരുന്നത് എന്നാണ് ഇപ്പോൾ മനസ്സിലാക്കാനാകുന്നതെന്ന് എഡിജിപി പറഞ്ഞു. ഒരുപാട് കഥകൾ പറഞ്ഞു നോക്കിയിട്ടും ഷാരോൺ പിന്മാറിയില്ല. ഇതോടെയാണ് കൊലപാതകത്തിലേക്ക് നീങ്ങിയത്. കേസിൽ മാതാപിതാക്കളെ പ്രതിയാക്കാനുള്ള തെളിവുകൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം കൂടുതലായി അന്വേഷണം വേണം.

നേരത്തേ, ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ ശ്രമിച്ചതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല. ഷാരോൺ ഇതിന് മുമ്പും ശർദിച്ചതായി പറഞ്ഞിട്ടുണ്ട്. വിഷം നൽകിയതായ തെളിവുകൾ ഇതുവരെ അന്വേഷണത്തിൽ ലഭിച്ചിട്ടില്ല. ഷാരോണുമായി വിവാഹം കഴിഞ്ഞതായി ഗ്രീഷ്മ പറഞ്ഞിട്ടില്ല. എന്നാൽ പള്ളിയിൽ പോയി സിന്ദൂരം ചാർത്തിയിരുന്നതായി മൊഴി നൽകിയിട്ടുണ്ട്. വിഷം നൽകിയ വിവരം ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നില്ല. ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷ്മയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല.