കോണ്‍ഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനക്ക് തയ്യാറാവണം- ഷിബു ബേബി ജോൺ

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ പരാജയത്തില്‍ പ്രതികരിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. എന്ത് കൊണ്ട് തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ സംഭവിക്കുന്നുവെന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘കോണ്‍ഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനയ്ക്ക് തയ്യാറാകണം. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി മുന്നോട്ടുപോകാനാകില്ല എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ, എന്തുകൊണ്ട് തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ സംഭവിക്കുന്നുവെന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം.

ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കി ബി.ജെ.പി സര്‍ക്കാര്‍ യഥേഷ്ടം മുന്നോട്ടു പോകുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് അതുതുറന്നുകാട്ടാന്‍ എന്തുകൊണ്ട് പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് സാധിക്കുന്നില്ലെന്നത് ഗൗരവകരമായ ചോദ്യമാണ്. സംഘപരിവാര്‍ ഫാസിസത്തിന്റെ ക്രൂരമായ മുഖം നമ്മള്‍ കണ്ട ഹത്രാസിലും ലഖിംപൂര്‍ഖേരിയിലുമടക്കം ബി.ജെ.പിയുടെ വിജയകുതിപ്പാണ് കാണുന്നത്.