ചങ്ക് തകര്‍ന്ന് അച്ഛന്‍ മൃതദേഹത്തിനരികിലേക്ക് വരുന്നത് മൊബൈലില്‍ പിടിക്കുന്ന കാഴ്ചക്കാര്‍, വിമര്‍ശന കുറിപ്പ്

എവിടെപ്പോയാലും ഫോട്ടോ എടുക്കുക എന്നുള്ളത് ഇപ്പോഴത്തെ ജനത്തിന് ഹരമാണ്. അത് മരിച്ച് വീടാണെങ്കില്‍പോലും അവിടുത്തെ കാര്യങ്ങള്‍ ഫോട്ടോയില്‍ പകര്‍ത്തുകയാണ് യുവത്വം. അതിനെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് യുവ ഡോക്ടറും എഴുത്തുകാരിയുമായ ഷിംന  . ഒരു ക്യാമറയും കയ്യില്‍ പിടിച്ച് എന്തും ചിത്രീകരിക്കാം എന്ന ചിലരുടെ ധരണയ്ക്ക് മാറ്റം വരണം. കൈയിലൊരു ക്യാമറയും നെറ്റും ഉണ്ടെന്ന് വെച്ച് മനുഷ്യത്വവും മനുഷ്യന്റെ സ്വകാര്യതയും മൊബൈല്‍ ഫോണിന് കൂട്ടിക്കൊടുക്കരുതെന്ന് ഷിന പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ദേവനന്ദയുടെ അച്‌ഛൻ ചങ്ക്‌ തകർന്ന്‌ ആ കുഞ്ഞിന്റെ മൃതദേഹത്തിനരികിലേക്ക്‌ വരുന്നത്‌ കാണുമ്പോൾ നിർവികാരം അത്‌ മൊബൈലിൽ പിടിക്കുന്ന കാഴ്‌ചക്കാർ. അവർ വിൽക്കുന്ന വികാരം- മനുഷ്യന്റെ നിസ്സഹായത ഡൽഹിയിൽ ഒരാളുടെ നെഞ്ചത്ത്‌ കയറിയിരുന്ന്‌ കല്ല്‌ കൊണ്ട്‌ തലയടിച്ച്‌ പൊളിച്ച്‌ ചോരയൊലിച്ച്‌ കിടക്കുന്നവന്റെ നെഞ്ചത്ത്‌ കയറി നിന്ന്‌ ജയ്‌ശ്രീറാം വിളിക്കുന്നത്‌ കൈ വിറയ്‌ക്കാതെ പകർത്തിയ മൊബൈൽ വീഡിയോഗ്രാഫർ. വിൽപന- വർഗീയത ട്രെയിനിനകത്ത്‌ അമ്മ മുല കൊടുക്കാൻ വേണ്ടി കുഞ്ഞിനടുത്തേക്ക്‌ കുനിഞ്ഞിരുന്നാൽ മുകളിലുള്ള ബർത്തിൽ നിന്നുള്ള ഫോട്ടോഗ്രഫി. സൂക്കേട്‌- തള്ളക്ക്‌ പിറക്കായ്‌മ

ഒരപകടം നടന്ന്‌ കഴിഞ്ഞാൽ അത്‌ ഇനിയെങ്കിലും ഒഴിവാക്കാനുള്ള കാര്യങ്ങൾക്ക്‌ സുഗമമാകാനുള്ള നടപടികൾക്ക്‌ വേണ്ടി റിപ്പോർട്ടിംഗ്‌ നടത്തേണ്ട നേരത്ത്‌ വീട്ടിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞവരുടെ ആർത്തനാദം പകർത്തി വരെ റേറ്റിംഗ്‌ കൂട്ടുന്ന ന്യൂസ്‌ ചാനലുകളുടെ മനശാസ്‌ത്രം?
ആരാന്റമ്മക്ക്‌ ഭ്രാന്ത് വന്നാൽ കാണാൻ നല്ല ചേലാണ്‌. തീർന്നില്ല. ലൈംഗികവേഴ്‌ചയും നഗ്‌നചിത്രങ്ങളും ഒളിഞ്ഞോ അല്ലാതെയോ പകർത്തുന്നതിന് സമാനമായ അശ്‌ളീലമാണ്‌ മനുഷ്യന്റെ വേദനയും കോപവും ആക്രമണത്വരയും പരിക്കുകളും മറ്റ്‌ സ്വകാര്യതകളും അനുമതിയില്ലാതെ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും എന്ന്‌ എന്നാണ്‌ നമ്മൾ തിരിച്ചറിയുക? ‘സ്വകാര്യത’ എന്നൊരു സാധനം ഉണ്ടെന്നെങ്കിലും എന്നാണ്‌ നമ്മൾ മനസ്സിലാക്കുക?

കൈയിലൊരു ക്യാമറയും നെറ്റും ഉണ്ടെന്ന്‌ വെച്ച്‌ മനുഷ്യത്വവും മനുഷ്യന്റെ സ്വകാര്യതയും മൊബൈൽ ഫോണിന്‌ കൂട്ടിക്കൊടുക്കരുത്‌. മാധ്യമങ്ങൾ ചെയ്യുന്ന ദ്രോഹത്തിന്റെ വ്യാപ്‌തിയും തീർച്ചയായും പുന:പരിശോധിക്കണം. ഈ ദൃശ്യങ്ങളും വാർത്തയും കുഞ്ഞുങ്ങളും പ്രായമായവരും രോഗികളുമടക്കം കാണുന്നുവെന്നത്‌ നിങ്ങൾ മറന്ന്‌ പോകുന്നതാണോ? പേരിനൊരൽപം വിവേകമാകാം. സ്വന്തം മൂക്കിൻ തുമ്പത്ത്‌ ദുരന്തമണയും വരെ മാത്രമേ ഫോട്ടോഗ്രഫിക്‌ സ്‌കിൽസ്‌ തേച്ച്‌ മിനുക്കാൻ തോന്നൂ.

അതിന്‌ പ്രത്യേകിച്ച്‌ നേരമോ കാലമോ മുഹൂർത്തമോ വേണ്ട താനും. ജീവിതമാണ്‌, അടുത്ത നിമിഷം എന്തെന്നറിയില്ല. ക്യാമറക്ക്‌ പിന്നിൽ നിന്നും മുന്നിലേക്ക്‌ നീങ്ങി നിൽക്കേണ്ട ഗതികേട് ആർക്കും വരാതിരിക്കട്ടെ. Dr. Shimna