നിസ്സഹായനായി പൊട്ടിക്കരഞ്ഞ് മകന്‍ സഞ്ജു, ഉമ്മയുടെ ചിരിക്കുന്ന മുഖം കണ്ടപ്പോള്‍ ചങ്കു നീറി, അഷ്‌റഫ് താമരശേരി പറയുന്നു

കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് അബുദാബിയിലെ ഗയാതിയില്‍ അമ്മായിയമ്മ മരിച്ച സംഭവം കേരളത്തെയും ഒന്നാകെ ഞെട്ടിച്ചതാണ്. ആലുവ കുറ്റിക്കാട്ടുകര ഉദ്യോഗ്മണ്ഡല്‍ എടമുള സ്വദേശിനിയായ റൂബി മുഹമ്മദാണ് മരിച്ചത്. റൂബിയുടെ മകന്റെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ഷജനയുമായുണ്ടായ വാക്ക് തര്‍ക്കമാണ് കൊലയില്‍ എത്തിയത്. റൂബിയെ ഷജന ചവിട്ടി വീഴ്ത്തിയ ശേഷം തലപിടിച്ച് തറയില്‍ ഇടിപ്പിക്കുകയായിരുന്നു.

റൂബിയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കയറ്റി അയച്ച സംഭവം പറയുകയാണ് സാമൂഹ്യ പ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരി. ആ ഉമ്മയുടെ മുഖത്ത് നോക്കി നിന്നപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞ് പോയെന്നും ഇനിയും എത്രകാലം ഈ ദുനിയാവില്‍ ജീവിക്കേണ്ട വ്യക്തിയായിരുന്നു എന്നും അഷ്‌റഫ് താമരശേരി ഫേസ്ബുക്കില്‍ കുറിച്ചു.

അഷ്‌റഫ് താരമശേരിയുടെ കുറിപ്പ്, ഇന്നലെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും അയച്ച മയ്യത്ത് . മനുഷ്യനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചതും കുടുബബന്ധങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഊഷ്മളതയോടെ കൊണ്ട് പോകേണ്ടതെന്നും ഓര്‍മ്മപ്പേടുത്തുന്ന മാസം.മനസ്സും,ശരീരവും കൊണ്ട് ലോക രക്ഷിതാവിന് ഇബാദത്ത് ചെയ്യേണ്ട മാസം.ഇതൊന്നും മനസ്സിലാക്കാതെ കുടുംബത്തിലുണ്ടാകുന്ന ചില പിണക്കങ്ങള്‍ പറഞ്ഞ് തീര്‍ക്കുന്നതിന് പകരം വാശിയിലൂടെയും, വൈര്യാഗ്യത്തോടെയും ജീവിക്കുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമുണ്ട്..മുതിര്‍ന്നവര്‍ കുടുംബത്തിലുണ്ടാകുന്നത് എത്രയോ നല്ലതാണ്.അവര്‍ നമ്മുക്ക് നഷ്ടപ്പെടുമ്പോഴാണ് അവരുടെ യഥാര്‍ത്ഥ വില തിരിച്ചറിയു.

ഇനിയും എത്രക്കാലം ഈ ദുനിയാവില്‍ ജീവിക്കേണ്ടവര്‍. മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നമ്മുടെ രക്ഷിതാവ് കല്‍പിച്ചിരിക്കുന്നു.. മാതാപിതാക്കളില്‍ ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക.റബ്ബേ ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും നമ്മളെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് പറയുവാന്‍ പരിശുദ്ധ ഖുര്‍ ആന്‍ നമ്മളോട് കര്‍ശനമായി പറഞ്ഞിരിക്കുന്നു. പടച്ച തമ്പുരാന്‍ എല്ലാപേര്‍ക്കും പോറുത്ത് കൊടുക്കുമാറാകട്ടെ. ആമീന്‍. അഷ്‌റഫ് താമരശ്ശേരി.