ആഗ്രഹിച്ച് സ്വന്തമാക്കിയ വീട്ടില്‍ അന്തിയുറങ്ങാനാവാതെ ഷിനോയ് യാത്രയായി

ഷിനോയിക്ക് ആഗ്രഹം ഒന്നു മാത്രമായിരുന്നു, തന്റെ വീടിന്റെ മുറ്റത്ത് കാര്‍ കയറണം. എന്നാല്‍ മൂന്നടി മാത്രം വീതിയുള്ള വഴിയിലൂടെ മുന്നൂറ് മീറ്ററോളം നീങ്ങി വാഹനം വീടിന്റെ മുറ്റത്തേക്ക് എത്തില്ലായിരുന്നു. അതിനാല്‍ ഒരുവര്‍ഷത്തെ കാലാവധി പറഞ്ഞുറപ്പിച്ച് വീട്ടിലേക്ക് തിരിയുന്ന റോഡരികില്‍ തന്നെ ഒരു വീട് ഷിനോ സ്വന്തമാക്കി. വളരെ അടുത്ത് പരിചയമുള്ളവര്‍ മാത്രം പങ്കെടുപ്പിച്ച് ബുധനാഴ്ചയാണ് വീടിന്റെ പാല്‍ കാച്ചല്‍ നടന്നത്.

തന്റെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ആയതിന്റെ സന്തോഷത്തിലായിരുന്നു ഷിനോയ്. പകല്‍ മുഴുവന്‍ അദ്ദേഹം സന്തോഷത്തിലായിരുന്നു. ശാന്തിയുടെ ചുമതലയുള്ള കൊട്ടാരക്കരയിലെ ക്ഷേത്രത്തിലെ തിരക്കുകള്‍ മാറ്റിവെച്ച് ആയിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. വീട്ടില്‍നിന്ന് പുറപ്പെട്ട ഷിനോയിയും സുഹൃത്തും അര്‍ധരാത്രി ചെങ്ങന്നൂര്‍ മുളക്കുഴയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ മരിച്ചു. അപകടവിവരം വീട്ടില്‍ അറിയുന്നത് പുലര്‍ച്ചെയാണ്.

ചെറുപ്പത്തിലേതന്നെ വീടിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ഷിനോയി, നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു. എഴുപുന്ന കറുകപ്പറമ്ബില്‍ ഷാജിയുടെ ഇളയമകനാണ് ഷിനോയ് ഷാജി (23). നാട്ടില്‍ ഡി.വൈ.എഫ്.ഐ.യുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഷിനോയ്. കുഞ്ഞാലി നഗര്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗംകൂടിയാണ്. അമ്മ വിജിയെയും സഹോദരി ഷിജിതയെയും ആശ്വസിപ്പിക്കാന്‍പോലുമാവാതെ ബന്ധുക്കളടക്കുള്ളവര്‍ വിഷമിച്ചു.