സിദ്ധാർത്ഥിനെതിരെ പെൺകുട്ടിയുടെ വ്യാജപരാതിയും ​ഗൂഢാലോചന, പ്രതി ചേർത്ത് കേസെടുക്കണം, ബന്ധുക്കൾ

തിരുവനന്തപുരം: എസ്എഫ്‌ഐയുടെ ആൾക്കൂട്ട വിചാരണയെ തുടർന്ന് മരിച്ച സിദ്ധാർത്ഥിന്റെ ഘാതകർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്താത്തതിൽ കുടുംബത്തിന്റെ പ്രതിഷേധം. പരാതിയുമായി രം​ഗത്ത് എത്തിയ പെൺകുട്ടിയേയും പ്രതി ചേർക്കണം. സിദ്ധാർത്ഥന്റെ മരണത്തിൽ ആ പെൺകുട്ടിക്ക് പങ്കുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. കേസ് നിലനിൽക്കണമെങ്കിൽ പ്രതികൾക്കെതിരെ നിർബന്ധമായും ക്രിമിനൽ ഗൂഢാലോചനയും കൊലപാതകക്കുറ്റവും ചുമത്തണമെന്ന് സിദ്ധാർത്ഥിന്റെ അമ്മാവൻ എം. ഷിബു പ്രതികരിച്ചു.

പെൺകുട്ടിയുടെ പരാതിയും മറ്റൊരു ഗൂഢാലോചനയാണ്. സിദ്ധാർത്ഥിന്റെ പേരിൽ ഫെബ്രുവരി 18-നാണ് പെൺകുട്ടി പരാതി നൽകിയത്. എന്നാൽ ആ പെൺകുട്ടിയുടെ പേര് ഇതുവരെയും പുറത്തുവന്നില്ല. കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് വ്യാജപരാതി നൽകിയത്. പരാതി വേണമെങ്കിൽ നേരത്തെ നൽകാമായിരുന്നു.

പ്രതികൾക്കെതിരെ ഗൂഢാലോചനയും കൊലപാതകക്കുറ്റവും ചുമത്താൻ ഇതുവരെയും പോലീസ് തയ്യാറായിട്ടില്ല. കോളേജിൽ നിന്ന് 15-ാം തീയതി നെയ്യാറ്റിൻകരയിലെ ഉത്സവത്തിന് വന്ന സിദ്ധാർത്ഥിനെ രഹാൻ എന്ന വിദ്യാർത്ഥിയെ ഉപയോഗിച്ചാണ് തിരിച്ചുവിളിച്ചത്. ആയുധങ്ങൾ മുൻകൂട്ടി തയ്യാറാക്കി വച്ചാണ് അപായപ്പെടുത്തിയത്. എന്ത് ചെയ്യണമെന്ന് നേരത്തെ തന്നെ തീരുമാനിച്ചു. പരിക്കുകൾ ശരീരത്തിൽ തെളിയിക്കാത്ത തരത്തിലാണ് മർദ്ദിച്ചത്. സംഭവം പുറത്തറിയാതിരിക്കാൻ അവനെ ഇല്ലാതാകാനുള്ള ഗൂഢാലോചനയും പ്രതികൾ നടത്തി.

എസ്എഫ്‌ഐ എന്ന സംഘടനയും ക്ലാസിലെ ചില സഹപാഠികളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നിൽ. നിസാരമായ വകുപ്പുകൾ ചുമത്തി പോലീസ് മാനസികമായി തളർത്തി. അതിനാൽ പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂട്ടിച്ചേർത്ത് നീതി നടപ്പിലാക്കണമെന്നാണ് അഭ്യർത്ഥനയെന്നും സിദ്ധാർത്ഥിന്റെ അമ്മാവൻ പറഞ്ഞു.