കുട്ടികളെ ഓര്‍ത്തെങ്കിലും വിചാരണ ഒഴിവാക്കൂ, അപേക്ഷിച്ച് ശില്‍പ ഷെട്ടി

നീലച്ചിത്ര നിര്‍മ്മാണ കേസില്‍ വ്യവസായി രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയും കുടുംബവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെയും കുട്ടികളുടെയും സ്വകാര്യത മാനിക്കണം എന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശില്‍പ ഷെട്ടി. മാധ്യമ വിചാരണ തങ്ങള്‍ അര്‍ഹിക്കുന്നില്ലെന്നും നടി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

ശില്‍പയുടെ കുറിപ്പ് ഇങ്ങനെ; ‘കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ എല്ലാ രീതിയിലും വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരുപാട് അഭ്യൂഹങ്ങളും ആരോപണങ്ങളും പ്രചരിച്ചു. മാധ്യമങ്ങളുടേയും മറ്റും അനാവശ്യമായ നിരവധി ആക്ഷേപങ്ങള്‍ക്ക് ഞാന്‍ ഇരയായി. നിരവധി ട്രോളുകളും ചോദ്യങ്ങളും. എനിക്കു മാത്രമല്ല, എന്റെ കുടുംബത്തിനും. ഞാന്‍ ഈ കേസില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇനിയും ആ നിലപാട് തുടരാനാണ് തീരുമാനം. അതിനാല്‍ എന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ദയവായി നിര്‍ത്തൂ.

സെലിബ്രിറ്റി എന്ന നിലയിലുള്ള എന്റെ ഫിലോസഫി, ഒരിക്കലും പരാതി പറയരുത് എന്നാണ്. എനിക്ക് പറയാനുള്ളത് എന്തെന്നാല്‍. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന കേസെന്ന നിലയില്‍, മുംബൈ പൊലീസിലും ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലും എനിക്ക് വിശ്വാസമുണ്ട് എന്നാണ്. കുടുംബം എന്ന നിലയില്‍ പറ്റുന്ന രീതിയിലുള്ള നിയമസഹായങ്ങളും തേടുന്നുണ്ട്. എന്നാല്‍ അതുവരെ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രത്യേകിച്ച് അമ്മ എന്ന നിലയില്‍. എന്റെ കുട്ടികള്‍ക്കുവേണ്ടി ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കൂ. പാതി വെന്ത വിവരങ്ങളോടും അഭ്യൂഹങ്ങളിലും കമന്റ് ചെയ്യാതിരിക്കൂ.

നിയമം അനുസരിക്കുന്ന അഭിമാനമുള്ള ഇന്ത്യന്‍ പൗരനും 29 വര്‍ഷമായി കഠിനാധ്വാനം ചെയ്യുന്ന പ്രൊഫഷണലുമാണ് ഞാന്‍. ആളുകളില്‍ എന്നില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. അത് ഒരിക്കലും ഞാന്‍ തകര്‍ക്കില്ല. ഈ സമയത്ത് എന്റെയും എന്റെ കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണമെന്ന് പ്രധാനമായും അഭ്യര്‍ത്ഥിക്കുകയാണ്. ഞങ്ങള്‍ മാധ്യമ വിചാരണ അര്‍ഹിക്കുന്നില്ല. നിയമം നടപ്പാക്കാന്‍ അനുവദിക്കൂ.’