സിസോദിയക്ക് വീണ്ടും തിരിച്ചടി, 10 ദിവസത്തെ കസ്‌റ്റഡി ആവശ്യപ്പെട്ട് ഇഡി

ന്യൂഡൽഹി. ഡൽഹി എക്‌സൈസ് നയ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ 10 ദിവസത്തേക്ക് റിമാൻഡ് ആവശ്യപ്പെട്ട് ഇഡി. ഡൽഹി റോസ് അവന്യൂ കോടതിയെ വെള്ളിയാഴ്ച സമീപിച്ച എൻഫോഴ്‌സ്‌മെന്റ് ഡിപ്പാർട്മെൻറ് കേസിൽ സിസോദിയയുടെ പ്രൊഡക്ഷൻ വാറണ്ട് തേടിയിരുന്നു. മനീഷ് സിസോദിയയെ ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിൽ വേണമെന്ന ഇഡിയുടെ ഹർജി പരിഗണിക്കാമെന്ന് മറുപടിയായി കോടതി അറിയിച്ചിരിക്കുകയാണ്.

സിസോദിയയ്‌ക്കെതിരെ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച ഡൽഹി കോടതി മുൻ ഉപമുഖ്യമന്ത്രിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കണമെന്ന് അറിയിച്ചിട്ടുണ്ട്. ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് വ്യാഴാഴ്‌ചയാണ് ഇഡി സിസോദിയയെ അറസ്‌റ്റ് ചെയ്തിരുന്നത്.

സിബിഐ കോടതി മാർച്ച് ആറിന് 14 ദിവസത്തെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടതിൽ പിന്നെ സിസോദിയ ഇപ്പോൾ തിഹാർ ജയിലിലാണ് ഉള്ളത്. 2021-22ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി ആരോപിച്ചാണ് സിസോദിയക്കെതിരെ കേസെടുത്തിരുന്നത്. ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്‌റ്റ് ചെയ്യുന്നത്.