ലൈഫ് മിഷന്‍ കേസിൽ ശിവശങ്കറിന് വലിയ പങ്ക്, കസ്റ്റഡി കാലാവധി നീട്ടി

കൊച്ചി.  ലൈഫ് മിഷന്‍ കോഴകേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി. കേസില്‍ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതാണെന്നും 4 ദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.

മുഴുവന്‍ ചോദ്യം ചെയ്യലും ഇതിനുളളില്‍ പൂര്‍ത്തിയാക്കാമെന്നും ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ശിവശങ്കറെ 4 ദിവസത്തേക്കുകൂടി കസ്റ്റഡിയില്‍ വിട്ടു കോടതി ഉത്തരവായത്. 5 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്. ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയില്ലെന്നും ശിവശങ്കര്‍ കോടതിയിൽ അറിയിച്ചു.

അതേസമയം കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വീണ്ടും വിളിച്ചുവരുത്താനിരിക്കുകയാണ്. എൻഫോഴ്‌സ്‌ മെന്റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥ‌ർ ശിവശങ്കറിനെ ഉച്ചയോടെയാണ് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിൽ ഉണ്ടായ അന്വേഷണ പുരോഗതിയും കോടതിയെ റിമാൻ‍ഡ് റിപ്പോ‍ർട്ടിലൂടെ അറിയിക്കുകയുണ്ടായി.