സ്വിമ്മിങ് പൂളിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

പാലക്കാട്: വീടിനോട് ചേർന്നുള്ള സ്വിമ്മിങ്പൂളിൽ വീണ് ഒന്നര വയസുകാരൻ മരിച്ചു. പാലക്കാട് പെരുവെമ്പ് സ്വദേശി മുഹമ്മദ് റിയാസിന്റെ മകൻ റമീനാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി വീടിനോട് ചേർന്നുള്ള സ്വിമ്മിങ്പൂളിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം ഉണ്ടായത്.

സഹോദരങ്ങൾക്കൊപ്പം വീട്ടിനുള്ളിൽ കളിക്കുകയായിരുന്ന കുഞ്ഞ് മെല്ലെ പുറത്തേക്ക് ഇറങ്ങിയത് ആരും കണ്ടില്ല. കുറേ നേരമായിട്ടും കാണാതായതോടെയാണ് കുടുംബാംഗങ്ങൾ തിരച്ചിൽ തുടങ്ങിയത്. ഇതിനിടെയാണ് വീടിനോട് ചേർന്ന സ്വിമ്മിങ് പൂളിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായി. കുട്ടികൾ സ്വിമ്മിങ് പൂളിൽ വീണ് മരിക്കുന്നത് സ്ഥിരം കഥയാകുകയാണ്. കുളിമുറിയിലെ ബക്കറ്റിലും മറ്റും കുഞ്ഞു മക്കൾ മുങ്ങി മരിക്കുന്ന നിരവധി വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്.

കുഞ്ഞു കുട്ടികൾ ഉള്ള വീടുകളിൽ ബക്കറ്റിൽ വെള്ളം പിടിച്ച് സൂക്ഷിക്കാതിരിക്കുക. അഥവാ അങ്ങനെ ചെയ്താൽ കുട്ടികൾ എത്താത്ത ഇടങ്ങളിൽ അവ സൂക്ഷിക്കുക. പൂളുകളും മറ്റും ഉള്ള ഇടങ്ങളിൽ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. നിമിഷങ്ങൾ കൊണ്ട് നമ്മുടെ മക്കളുടെ ജീവൻ നഷ്ടമാകാൻ ഇടവരാതിരിക്കട്ടെ.