ബാലയുടെ വധുവിനെ ആരാധകർക്ക് പരിചയപ്പെടുത്തി ശ്രീശാന്ത്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബാല. തമിഴ് സ്വദേശിയാണെങ്കിലും നായകനും സഹനടനും വില്ലനുമൊക്കെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് നടൻ. ലോക്ക്ഡൗൺ സമയം തന്റെ സ്വത്തിന്റെ എഴുപത് ശതമാനത്തോളം നഷ്ടം വന്നതിനെ കുറിച്ചും വെളിപ്പെടുത്തി ബാല രംഗത്ത് എത്തിയിരുന്നു. മലയാളി ഗായികയായ അമൃതയെയായിരുന്നു ബാല വിവാഹം ചെയ്തത്. ഇവർക്ക് ഒരു മകളുമുണ്ട്. എന്നാൽ വിവാഹ ബന്ധം ഇരുവരും വേർപിരിയുകയായിരുന്നു.

കഴിഞ്ഞ കുറേ വർഷങ്ങളായി ബാല എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത് എന്ന് നിരവധിപ്പേർ ചോദിക്കുന്നുണ്ട്. താരം വിവാഹിതനാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സെപ്തംബർ 5 നാണ് ബാലയുടെ വിവാഹം എന്നാണ് അറിയുന്നത്. ഇപ്പോഴിതാ വാർത്ത സ്ഥിരീകരിച്ച്‌ ശ്രീശാന്ത് രം​ഗത്തെത്തി. ബാലയ്‌ക്കൊപ്പമുള്ള വീഡിയോയിലാണ് ശ്രീശാന്ത് നടന്റെ വധുവിനെ പരിചയപ്പെടുത്തിയത്.

‘ഇത് മികച്ച ഒരു സായാഹ്നം തന്നെ. ബാല അണ്ണയ്ക്കും വൈഫിനും എന്റെ ഭാര്യയ്ക്കുമൊപ്പം’, എന്നാണ് വിഡിയോയിൽ ശ്രീശാന്ത് പറയുന്നത്. തൊട്ടടുത്തായി ശ്രീശാന്തിന്റെ ഭാര്യയേയും ബാലയേയും അദ്ദേഹത്തിന്റെ വധുവിനേയും കാണാം. അതിന് ശേഷം ഇരുവരും ചേർന്ന് ക്രിക്കറ്റ് കളിക്കുന്നതും കാണാം. ബാല തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചത്.

എട്ടുവർഷമായി ബാച്ചിലർ ലൈഫിൽ ആയിരുന്നു ബാല. അച്ഛന്റെ ആഗ്രഹപ്രകാരമാണ് വിവാഹത്തിന് ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്തിടെ താരം വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു, കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ ജീവിക്കുന്നത് ഒരു ബാച്ചിലർ ലൈഫ് ആണ്. ഒരുപാട് ആളുകൾ എന്നോട് എന്തുകൊണ്ടാണ് മറ്റൊരു വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചിട്ടുണ്ട്. അച്ഛൻ മരിക്കുന്നതിന് മുമ്പ് അവസാനമായി എന്നോട് ആവശ്യപ്പെട്ട ഒരു കാര്യം മാത്രമാണ് ഉണ്ടായിരുന്നത്, ഞാൻ മറ്റൊരു വിവാഹം കഴിച്ചു കാണണമെന്നത് ആയിരുന്നു അത്. എൻറെ അമ്മയ്ക്കും ഇതുതന്നെയാണ് ആഗ്രഹം. എൻറെ അമ്മയ്ക്ക് മാത്രമല്ല എന്നെ സ്നേഹിക്കുന്ന ഒരുപാട് അമ്മമാർ ഇതുതന്നെയാണ് ആവശ്യപ്പെടുന്നത്. അതുകൊണ്ട് അതിനുള്ള സമയമായി എന്ന് കരുതുകയാണ് ഞാൻ. ഉടൻ തന്നെ നിങ്ങൾക്ക് ഒരു സന്തോഷകരമായ വാർത്ത പ്രതീക്ഷിക്കാമെന്നാണ് ബാല പറഞ്ഞത്.