തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാനം: തെളിവ് പുറത്ത് വിട്ട് കൗണ്‍സിലര്‍മാര്‍

കൊച്ചി : തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഓണാഘോഷത്തോടനുബന്ധിച്ച്‌ വിതരണം ചെയ്ത ഓണക്കോടിക്കൊപ്പം പതിനായിരം രൂപ അടങ്ങുന്ന കവര്‍ കൂടി ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നല്‍കുകയായിരുന്നു. പണമടങ്ങിയ കവര്‍ ചെയര്‍പേഴ്‌സന് തിരിച്ചു നല്‍കുന്നതിന്റെ തെളിവുകളും പുറത്ത് വന്നു.

ദൃശ്യത്തില്‍ പണം ആണെന്നും ഇത് വാങ്ങുന്നത് ശരിയല്ലെന്നും കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണെ അറിയിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ പരാതിയുടെ കവറാണ് സ്വീകരിച്ചതെന്നായിരുന്നു ചെയര്‍പേഴ്‌സണ്‍ നേരത്തെ പ്രതികരിച്ചത്. എന്നാല്‍ പണം നല്‍കിയതായി സ്ഥിരീകരിച്ച്‌ ഭരണപക്ഷത്തിലുള്ള കൂടുതല്‍ കൗണ്‍സിലര്‍മാര്‍ കൂടി രംഗത്ത് എത്തിയതോടെയാണ് ചെയര്‍പേഴ്‌സണ്‍ കൂടുതല്‍ കുരുക്കിലാവുകയായിരുന്നു. പുടവ മാത്രമാണെന്ന് കരുതിയാണ് കവര്‍ വാങ്ങിയതെന്നും കൗണ്‍സിലര്‍മാര്‍ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് തൃക്കാക്കര നഗരസഭയില്‍ ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് ചെയര്‍പേഴ്‌സന്‍ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവര്‍ കവര്‍ ചെയര്‍പേഴ്‌സന് തന്നെ തിരിച്ച്‌ നല്‍കി. വിജിലന്‍സില്‍ ഇതുസംബന്ധിച്ച്‌ പരാതിയും നല്‍കുകയായിരുന്നു. വിഷയത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.ഡി. സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട് സംഭവം വിവാദമായത്തോടെ ചെയര്‍പേഴ്‌സണിന്റെ നടപടി അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. എറണാകുളം ഡിസിസി പ്രസിഡന്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ താന്‍ പണം ആര്‍ക്കും നല്‍കിയിട്ടില്ലെന്ന നിലപാടിലാണ് ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍. കൗണ്‍സിലര്‍മാര്‍ തെളിവെന്ന രീതിയില്‍ പുറത്തുവിട്ട വീഡിയോയില്‍ ഉള്ളത് കവറില്‍ പരാതി സ്വീകരിക്കുന്നതിന്‍റേതാണെന്നാണ് അജിതയുടെ വാദം. അതിനിടെ തങ്ങള്‍ തിരിച്ചേല്‍പ്പിച്ചത് പണമടങ്ങിയ കവര്‍ തന്നെ ആണെന്ന് തെളിയിക്കാനുള്ള കൂടുതല്‍ വീഡിയോ കൗണ്‍സിലര്‍മാര്‍ പുറത്ത് വിട്ടു. പരാതി ശരിവെച്ച്‌ ഭരണപക്ഷ കൗണ്‍സിലര്‍ റാഷിദ് ഉള്ളമ്ബള്ളി നടത്തിയ ഫോണ്‍ സംഭാഷവും പുറത്തായിരുന്നു.