ചൈനയില്‍ അതിശക്തമായ ഭൂചലനം, നിരവധിപേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

ബീജിംങ്. ചൈനയില്‍ അതിശക്തമായ ഭൂചലനം ഉണ്ടായി. നിരവധിപേര്‍ ഭൂചലനത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. മാളുകള്‍ അടക്കമുള്ളവ ഭൂചലനത്തില്‍ നിലം പരിശായി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15നാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇതുവരെ ഏഴുപേര്‍ കൊല്ലപ്പെട്ടതായിട്ടാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

ചൈനയുടെ തെക്ക് പടിഞ്ഞാറ് സിച്ചുവാന്‍ പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. ടിബറ്റിനോട് ചേര്‍ന്നുള്ള പ്രദേശമാണ് സിച്ചുവാന്‍. ഭൂമികുലുക്കം അനുഭവപ്പെട്ട ജില്ലയില്‍ നിന്ന് 39 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. കനത്ത ഭൂകമ്പങ്ങള്‍ സ്ഥിരം നടക്കുന്ന മേഖലയാണ് ടിബറ്റന്‍ പീഠഭൂമി എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.

2008 മുതല്‍ 82 ഭൂകമ്പങ്ങള്‍ ഈ മേഖലയില്‍ നടന്നിട്ടുണ്ട്. 69,000 പേരാണ് ഈ ഭൂകമ്പങ്ങളിൽ മരിച്ചത്. 2013ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 200പേര്‍ മരണപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങള്‍ ഭൂചനലത്തില്‍ തകർന്നു. ചൈനയുടെ സൈന്യം അടക്കമുള്ളവ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരിക്കുകയാണ്.