സുഹൃത്തിനെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തു, ഒമ്പതാംക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചു

കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മർദ്ദിച്ചതായി പരാതി. കോഴിക്കോട് ദേവഗിരി സേവിയോ സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയെയാണ് മെഡിക്കല്‍ കോളേജ് കാമ്പസിലെ കുട്ടികള്‍ മര്‍ദിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സേവിയോ സ്കൂളിലെ ഒമ്പതാം തരം പഠിക്കുന്ന കോവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ സമീപത്തെ മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കൂട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദിച്ചത്. തന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിച്ചതാണ് മർ​ദ്ദനത്തിന് കാരണമായത്.

രണ്ട് കണ്ണിനും താഴെയായിരുന്നു ക്രൂരമര്‍നം. നിസാര കാരണത്തിനാണ് മര്‍ദ്ദനമെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

രണ്ട് സ്കൂളിലെയും കുട്ടികള്‍ തമ്മില്‍ വാക്കേറ്റവും ഭീഷണിയും പതിവാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സ തേടി.