ഡോളോ 650 കുറിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി നല്‍കിയ സംഭവം അതീവ ഗൗരവമുള്ളതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി. പാരസെറ്റമോള്‍ ഗുളികയായ ഡോളോ 650 രോഗികള്‍ക്ക് നല്‍കുന്നതിന് ഡോക്ടര്‍മാര്‍ക്ക് കമ്പനി 1000 കോടിയുടെ സൗജന്യം നല്‍കിയത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് സുപ്രീംകോടതി.

ഇത്തരത്തില്‍ സൗജന്യം നല്‍കുന്നതിന്റെ ഉത്തരവാദിത്തം കമ്പനികളുടെത് മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് സെയില്‍സ് റപ്രസന്റേറ്റീവ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. എന്നാല്‍ പാട്ട് കേള്‍ക്കുന്നത് പോലെ സുഖമുള്ള കാര്യമല്ല താന്‍ കേള്‍ക്കുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രതികരിച്ചു.

സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചു. 10 ദിവസത്തിനുള്ളില്‍ മറുപടി തരണമെന്നാണ് നിര്‍ദേശം. മറുപടി ലഭിച്ചതിന് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും. ഡോളോ കുറിച്ചു നല്‍കാന്‍ ഉത്പാദകരായ മൈക്രോ ലാബ്‌സ് ഡോക്ടര്‍മാര്‍ക്ക് 1000 കോടി രൂപ നല്‍കിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ ഡോക്ടര്‍മാരുടെ പേര് വിവരങ്ങള്‍ ലഭിക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ധനന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.