ഇടയ്ക്ക് വെച്ച് ഷോ നിർത്തേണ്ടി വരുമെന്ന് കരുതിയിരുന്നു- സുരഭി ലക്ഷ്മി

ബെസ്റ്റ് ആക്ടർ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു സുരഭി ലക്ഷ്മി പ്രേക്ഷകരിലേക്കെത്തുന്നത്. ഷോയിലെ വിന്നറായിരുന്നു സുരഭി. റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനെക്കുറിച്ചും അന്നത്തെ ചിത്രങ്ങളും പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.

കുറിപ്പിങ്ങനെ, അഭിനയമാണ് ജീവിതവഴി എന്ന തിരിച്ചറിവിന്റെ ഓർമ്മകളാണെനിക്കീ ചിത്രങ്ങൾ. 2008-09 കാലഘട്ടത്തിൽ നടന്ന അമൃത ടിവിയിലെ ബെസ്റ് ആക്ടർ റിയാലിറ്റി ഷോയിലൂടെയാണ് എനിക്ക് ഏറ്റവും കരുത്തേകുന്നതെന്ന് അഭിനയമാണെന്ന് ഞാൻ മനസ്സിലാക്കിയത്. പകുതിയിൽ വെച്ച് മത്സരം ഉപേക്ഷിക്കേണ്ടി വരുമോയെന്ന് ചിന്തിച്ചപ്പോഴും ഏറെ പ്രതിസന്ധികളുണ്ടായപ്പോഴും മത്സരത്തിലെ ഒന്നാം സമ്മാനം നേടുന്നത് വരെ എന്റെ യാത്ര തുടർന്നു. അന്ന് എനിക്കൊപ്പം മത്സരിക്കാൻ ഉണ്ടായിരുന്ന രാജേഷ് ശർമ്മ, മുസ്തഫ, സിദ്ധാർഥ് ശിവ ഇവരൊക്കെ ഇന്ന് സിനിമയിൽ സജീവമായിട്ടുണ്ട്. അന്ന് മത്സരയാത്രയിൽ കൂടെ നിന്ന കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ ടീച്ചേർസ്, സംവിധായകൻ ശ്യാമപ്രസാദ് സർ, അഭിനേതാക്കളായ മുരളി മേനോൻ, സിത്താര, അന്തരിച്ച പി ബാലചന്ദ്രൻ സർ, അങ്ങനെ ഒട്ടനവധി പ്രതിഭകളെ നിറഞ്ഞ സ്നേഹത്തോടെയും, ആദരവോടെയും ഓർക്കുന്നു

ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്‌തെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയാണ് സുരഭി മലയാളികൾക്ക് സുപരിചിതയാകുന്നത്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്. ബൈ ദ് പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു . 2016 ലെ മലയാളം ഫിലിം ക്രിട്ടിക്‌സ് അവാഡും നേടി.മിന്നാമിനുങ്ങിലൂടെത്തന്നെയാണ് സുരഭിയെത്തേടി ദേശീയ പുരസ്ക്കാരവും എത്തിയത്.