ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് സംവിധാനം കേരളത്തില്‍ നടപ്പാക്കാന്‍ ശിപാര്‍ശ

തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സംവിധാനം കേരളത്തിലും നടപ്പാക്കാന്‍ ശിപാര്‍ശ. ഗുജറാത്ത് സന്ദര്‍ശിച്ച്‌ പഠനം നടത്തി ചീഫ് സെക്രട്ടറി തന്റെ നിര്‍ദേശം സര്‍ക്കാരിന് കൈമാറി. അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.

ഗുജറാത്തിലെ സി.എം ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ നിര്‍ദേശിച്ചത് പ്രധാനമന്ത്രിയാണ്. പിന്നാലെ ഗുജറാത്ത് സന്ദര്‍ശിച്ച ചീഫ് സെക്രട്ടറി ഡാഷ് ബോര്‍ഡ് സംവിധാനത്തെ വാനോളം പുകഴ്ത്തുകയും ചെയ്തു. തിരികെ കേരളത്തിലെത്തിയ ചീഫ് സെക്രട്ടറി ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് സംവിധാനം കേരളത്തിലും നടപ്പാക്കേണ്ടതാണെന്ന് സര്‍ക്കാരിനെ അറിയിച്ചു.

പദ്ധതി നിര്‍വഹണവും ഭരണ കാര്യങ്ങളും ഇതിലൂടെ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഗുജറാത്തിലേത് പോലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ തന്നെ സി.എം ഡാഷ് ബോര്‍ഡ് ക്രമീകരിക്കണമെന്നാണ് ശിപാര്‍ശ. നിലവില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലായതിനാല്‍ അതിന് ശേഷമായിരിക്കും മുഖ്യമന്ത്രി തീരുമാനം എടുക്കുക.