അടിപൊളി കലാകാരൻമാർ മരിച്ചു അവിടെയുണ്ട് മോളെ, ഇവിടുത്തെ റോളുകൾ കഴിഞ്ഞിട്ട് വരാം-സുരഭി ലക്ഷ്മി

കഴിഞ്ഞ ദിവസമാണ് നർത്തകിയും,റിയാലിറ്റി ഷോ താരവുമായ സ്മിഷ അരുൺ വിടവാങ്ങിയത്. ഏറെക്കാലമായി കാൻസറിന്‌ ചികിത്സയിലായിരുന്നു. രോഗാവസ്ഥയിലും റിയാലിറ്റി ഷോ മത്സരത്തിൽ സജീവമായിരുന്നു സ്മിഷ. ഇപ്പോഴിതാ തന്റെ പ്രിയ സുഹൃത്തു കൂടിയായ സ്മിഷ അരുണിന്റെ വേർപാടിൽ വേദന പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി സുരഭി ലക്ഷ്മി.

കുറിപ്പിങ്ങനെ

ഇവിടെയുള്ള കലാകാരന്മാരെക്കാളും ഒക്കെ അടിപൊളി കലാകാരൻമാർ മരിച്ചു അവിടെയുണ്ട് മോളെ, ഇനി ഞാൻ അവിടെ പോയി തകർത്തോളാം, ക്യാൻസർ പോരാളി.,. എന്റെ സ്മിഷചേച്ചിക്ക് വിട കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിൽ എന്റെ സീനിയർ, എല്ലാ കുരുത്തക്കേടിനും കൂടെയുണ്ടാവും, ദിലീഷേട്ടന്റെ നാടകത്തിലെ തോഴിന്മാരായിരുന്നു ഞാനും സ്മിഷ ചേച്ചിയും രേഷ്മയും, ശില്പയും ഒക്കെ….ഡയലോഗ് തെറ്റിക്കാൻ ഞങ്ങൾക്കിടയിൽ ഒരു മത്സരം തന്നെയുണ്ടായിരുന്നു…. ഒരാളില്ലാതാവുന്നു എന്നറിയുമ്പോൾ എന്തെല്ലാം ഓർമ്മകളാണ് നമ്മളുടെ മനസ്സിലേക്ക് ഇങ്ങനെ ഓടി വരുന്നത്…

ആ കാലത്തെ സ്നേഹവും സൗഹൃദവും ആഴത്തിൽ ചേച്ചി മനസ്സിൽ സൂക്ഷിച്ചിരുന്നു, അതൊക്കെയാണ് മോളെ ജീവിതത്തിന്റെ ഊർജ്ജവും കരുത്തും എന്നെപ്പോഴും പറയുമായിരുന്നു….. അപ്പൊ എല്ലാം പറഞ്ഞപോലെ, ഇവിടുത്തെ റോളുകൾ കഴിഞ്ഞിട്ട് എന്നാ എന്നറിയില്ല. പക്ഷേ, ഞങ്ങൾ എല്ലാവരും പലപ്പോഴായിട്ട് വരും. നാടകം കളിക്കണം,…ഡയലോഗ് തെറ്റിക്കണം…..എന്നിട്ട് സ്റ്റേജിൽ മൊട്ടയിടണം……