കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ നാല് മരണം, അഞ്ഞൂറോളം യാത്രക്കാര്‍ ട്രെയിനില്‍ കുടുങ്ങിക്കിടക്കുന്നു

ചെന്നൈ. തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ നാല് പേര്‍ മരിച്ചു. തൂത്തുക്കുടിയിലും തെങ്കാശി ജില്ലകളിലാണ് കനത്ത മഴ തുടരുന്നത്. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലാണ് മഴ തുടരുന്നത്. മന്ത്രിമാരുടെ നേതൃത്വത്തിലാണ് വിവിധ ഇടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

അതേസമയം കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി. തിരുനല്‍വേലി, തെങ്കാശി, കന്യാകുമാരി, തൂത്തുക്കുടി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിലായി ഇതുവരെ 7000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. നിലവില്‍ പല സ്ഥലത്തും വൈദ്യുതി ലഭിക്കുന്നില്ല.

അതേസമയം ട്രെയിനില്‍ ഭക്ഷണവും വെള്ളവും ഇല്ലാതെ കുട്ടികള്‍ അടക്കം 500 ഓളം പേര്‍ ട്രെയിനില്‍ കുടുങ്ങിയിട്ട് ഒരു ദിവസം പിന്നിടുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് വരുകയാണ്. ഇവര്‍ക്ക് അടിയന്തരമായി ഭക്ഷണം എത്തിച്ച് നല്‍കാനുള്ള വ്യോമസേനയുടെ ശ്രമം പരാജയപ്പെട്ടു.