കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കാരണം തനിക്കറിയാം, സൂചനകള്‍ ലഭിച്ചു, സുരേഷ് ഗോപി പറയുന്നു

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാജ്യ സുരക്ഷ കണക്കിലെടുത്താണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനാകൂ. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത് രാജ്യ സുരക്ഷ കണക്കിലെടുത്താണെന്ന് വ്യക്തമാക്കുന്ന ചില സൂചനകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവൊയണ് സുരേഷ് ഗോപി ഇത്തരത്തില്‍ പ്രതികരിച്ചത്.

ഇന്നലെ രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ പോകുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. ഗുരുനാനാക്ക് ജയന്തിയോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ നന്മയ്ക്കു വേണ്ടിയാണ് നിയമങ്ങള്‍ കൊണ്ടുവന്നതെന്നും എന്നാല്‍ ഇതിന്റെ ഗുണവശങ്ങള്‍ ചില കര്‍ഷകര്‍ക്കു മനസ്സിലായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധിമുട്ടിച്ചതിനു രാജ്യത്തോടു മാപ്പു പറയുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചതായി ഇന്ന് ഞാന്‍ നിങ്ങളെ അറിയിക്കുകയാണ്.’ പ്രസംഗത്തിന്റെ അവസാനഭാഗത്ത് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒരു കര്‍ഷകനും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു വര്‍ഷത്തോളം നീണ്ട പ്രക്ഷോഭത്തിനിടെ കര്‍ഷക നേതാക്കളുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, പഞ്ചാബിലടക്കം വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കണക്കിലെടുത്താണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍ലിക്കാനുള്ള തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയത്.