ജനങ്ങളുടെ നികുതിപ്പണം മുടക്കിയല്ല ഞാന്‍ എംപി കസേരയിലിരിക്കുന്നതെന്ന് സുരേഷ് ഗോപി

പന്തളം സുധാകരന് സുരേഷ് ഗോപി എംപി നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്. ജനങ്ങളുടെ നികുതി പണം മുടിപ്പിച്ചിട്ടല്ല ഞാന്‍ എംപി കസേരയില്‍ ഇരിക്കുന്നത് എന്ന് സുരേഷ് ഗോപി പറഞ്ഞു. ഒരു മാധ്യമത്തോട് പ്രതികരിച്ചു. കെ മുരളീധരന്‍ രാജിവെച്ച് മത്സരിക്കുമോ എന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ചോദിച്ചിരുന്നു. സുരേഷ് ഗോപി രാജിവെച്ച് മത്സരിക്കട്ടെ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് പന്തളം സുധാകരന് മറുപടിയുമായി സുരേഷ് ഗോപി എത്തിയത്.

‘മുരളീധരന്‍ രാജിവയ്ക്കണം എന്ന പക്ഷക്കാരനല്ല ഞാന്‍. അദ്ദേഹം പൊരുതി നേടിയ ഒളിമ്പിക്ക് ട്രോഫി നഷ്ടപ്പെടാതിരിക്കട്ടെ എന്നേ ഞാന്‍ പറയൂ. പന്തളം സുധാകരനെ പോലുള്ള ഒരു നേതാവ് നോമിനേറ്റഡ് എംപി എങ്ങനെയാണ് വരുന്നതെന്ന് അറിയണം. അത്തരം വിവരം വളച്ചൊടിക്കാന്‍ ശ്രമിക്കരുത്. ഞാന്‍ സര്‍ക്കാരിന്റെ പണം ഉപയോഗിച്ചല്ല എംപിയെന്ന നിലയില്‍ ജീവിക്കുന്നത്. പന്തളം സുധാകരന്‍ വീട്ടില്‍ വന്നാല്‍ ഞാന്‍ എന്റെ കണക്കുകള്‍ കാണിച്ച് തരാം. എംപി ശമ്പളം ഞാന്‍ ഉപയോഗിച്ചിട്ടില്ല’ സുരേഷ് ഗോപി പറഞ്ഞു.

താന്‍ ഇപ്പോള്‍ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും, ആരോഗ്യനില തൃപ്തികരമായതിന് ശേഷം മാത്രമേ തെരഞ്ഞെടുപ്പിന് ഇറങ്ങൂ. തന്റെ സ്ഥാനാര്‍ത്ഥിത്വം നൂറ് ശതമാനം ഉറപ്പിക്കാനായില്ലെന്നും ദേശിയ നേതൃത്വം ആവശ്യപ്പെട്ടാല്‍ ഉറപ്പായും ഇറങ്ങുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്നലെയാണ് നടനും എംപിയുമായ സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.. ന്യൂമോണിയ ആണെന്നാണ് സംശയം. പത്ത് ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതായും വിവരമുണ്ട്. തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നുമാണ് ഇക്കുറിയും സുരേഷ് ഗോപി മത്സരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്നലെയാണ് പുറത്തെത്തിയത്.