പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ മത്സരിപ്പിക്കൂ, ഞാന്‍ ഇല്ല, ഫിറോസ് കുന്നംപറമ്പില്‍ പറയുന്നു

വരുന്ന തിരഞ്ഞെടുപ്പില്‍ മന്ത്രി കെ ടി ജലീലിനെതിരെ ജീവകാരുണ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ മത്സരിപ്പിക്കാന്‍ യുഡി എഫ് ഒരുങ്ങിയിരുന്നു. എന്നാല്‍ ഫിറോസ് മത്സരിക്കും എന്ന് അറിഞ്ഞതോടെ യുഡിഎഫിന്റെ തന്നെ ഒരു വിഭാഗത്തില്‍ നിന്നും വന്‍ എതിര്‍പ്പാണ് ഉയര്‍ന്നത്. നേരത്തെ മലപ്പുറം ഡിസിസി ഓഫീസിന് മുന്നില്‍ ഫിറോസിനെ മത്സരിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ സ്ഥാനാര്‍ത്ഥിയാക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം.

വിവാദങ്ങള്‍ കനത്തതോടെ മല്‍സരിക്കാനില്ല എന്ന് വ്യക്തമാക്കി ലൈവിലെത്തിയിരിക്കുകയാണ് ഫിറോസ്. യുഡിഎഫ് നേതാക്കള്‍ എന്നോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും ഞാന്‍ അരസമ്മതം മൂളിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ മാറ്റി നിര്‍ത്തി തന്നെ പരിഗണിക്കേണ്ട എന്ന് ഫിറോസ് ഇപ്പോള്‍ വ്യക്തമാക്കുന്നു.

രമേശ് ചെന്നിത്തല അടക്കം തന്നെ ബന്ധപ്പെട്ടിരുന്നു. മല്‍സരിപ്പിക്കാനുള്ള തീരുമാനം കെപിസിസി എടുത്തതാണെന്ന് ചെന്നിത്തല പറഞ്ഞതായി ഫിറോസ് ലൈവില്‍ പറയുന്നു. പക്ഷേ ഇന്നത്തെ സ്ഥാനാര്‍ഥി പട്ടികയില്‍ തന്റെ പേരില്ല, തവനൂര്‍ ഒരു പ്രശ്‌നങ്ങളുള്ള മണ്ഡലമാണെങ്കില്‍ താന്‍ സ്വയം പിന്‍മാറുകയാണെന്ന് ഫിറോസ് പറയുന്നു.

മണ്ണാര്‍ക്കാട് മുന്‍ എം.എല്‍.എയായ കളത്തില്‍ അബ്ദുള്ളയുടെ ഡ്രൈവറായിരുന്നു ഫിറോസ്. അബ്ദുളള വികലാംഗ കോര്‍പറേഷന്റെ സംസ്ഥാന ചെയര്‍മാനായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം നടത്തിയ യാത്രകളും അന്നുകണ്ട ജീവിതങ്ങളുമാണ് ഇന്ന് ഈ കാണുന്നതരത്തില്‍ ഫിറോസിനെ സൃഷ്ടിച്ചത്. പിന്നീട് ആലത്തൂര്‍ ടൗണില്‍ ഒരു മൊബൈല്‍ കട നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് സേവനരംഗത്തേക്ക് തിരിയുന്നത്. തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല എന്നായിരുന്നു ഫിറോസ് പണ്ട് മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നത്.