ഒരു പക്ഷെ അച്ഛൻ മരിച്ചു കഴിഞ്ഞുള്ള അഞ്ചു വർഷങ്ങൾ ആയിരിക്കണം അമ്മ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചു ജീവിച്ചത്, കുറിപ്പ്

സുരേഷി സി പിള്ള പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. പശുക്കൾ, രണ്ടു മക്കൾ, ഭർത്താവ്, ഇതിനപ്പുറം അമ്മയ്ക്ക് ചിന്തകളും ഇല്ലായിരുന്നു. അമ്മ ജീവിക്കാൻ തുടങ്ങിയത് അറുപതുകൾക്ക് ശേഷം മാത്രമാണ്. ഒരു പക്ഷെ അച്ഛൻ മരിച്ചു കഴിഞ്ഞുള്ള അഞ്ചു വർഷങ്ങൾ ആയിരിക്കണം അമ്മ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചു ജീവിച്ചത്. ടൂർ ഗ്രൂപ്പുകളുടെ കൂടെ ടൂർ പോകാൻ തുടങ്ങി. അമ്മയും മണിപ്പേരമ്മയും കൂടി യാത്രകൾ ചെയ്തു. ഇഷ്ട്ടമുള്ളത് വാങ്ങി ക്കഴിച്ചു. ഞങ്ങളുടെ കൂടെ അയർലണ്ടിൽ വന്നു, ലണ്ടനിൽ പോയി, ഒത്തിരി ചിരിച്ചു, സന്തോഷിച്ചു. ആ അഞ്ചു വർഷമാണ്, ആ അഞ്ചു വർഷം മാത്രമാണ് അമ്മ ജീവിച്ചതെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

അമ്മയും ഞാനും ഒരുമിച്ചു വളർന്നു എന്ന് പറയുന്നതാണ് ശരി. അമ്മ, അച്ഛനെ കല്യാണം കഴിക്കുമ്പോൾ പതിനെട്ട് വയസ്സ്. അച്ഛനും അമ്മയുമായി പത്തു വയസ്സിൻ്റെ വ്യത്യാസം. ഇരുപതുകളുടെ മധ്യത്തിൽ ആണ് ഞാൻ ഉണ്ടാകുന്നത്. ഞാൻ സ്കൂളിൽ പോകാൻ തുടങ്ങുമ്പോളും അമ്മ ഇരുപതുകളിൽ ആണ്. അമ്മ അന്നൊക്കെ നഗരങ്ങൾ കണ്ടിട്ടില്ല, ട്രെയിനിയിൽ കയറിയിട്ടില്ല, ബസിൽ ഒറ്റയ്ക്ക് യാത്ര ചെയ്തിട്ടില്ല,കോളേജിൽ പോയിട്ടില്ല, ഇംഗ്ലീഷ് എഴുതുവാനോ വായിക്കുവാനോ അറിയില്ല.

അങ്ങിനെ കുറവുകൾ പറയുവാൻ തുടങ്ങിയാൽ കുറവുകൾ മാത്രം ഉള്ള അമ്മ ആയിരുന്നു എൻ്റെ അമ്മ. വളരെ ‘naive’ ആയ ഒരു വ്യക്തി.പിന്നെ ഞങ്ങൾ ഒരുമിച്ചാണ് വളരുന്നത്. ഞങ്ങൾ ഒരുമിച്ചാണ് ട്രെയിനിൽ ആദ്യം കയറുന്നത്, നഗരങ്ങൾ കാണുന്നതും എല്ലാം.കറുകച്ചാലിനും, ചാന്നാനിക്കാടിനും അപ്പുറം ലോകം ഉണ്ടെന്നറിയുന്നതും വളരെ വൈകിയാണ്. പശുക്കൾ, രണ്ടു മക്കൾ, ഭർത്താവ്, ഇതിനപ്പുറം അമ്മയ്ക്ക് ചിന്തകളും ഇല്ലായിരുന്നു. അമ്മ ജീവിക്കാൻ തുടങ്ങിയത് അറുപതുകൾക്ക് ശേഷം മാത്രമാണ്. ഒരു പക്ഷെ അച്ഛൻ മരിച്ചു കഴിഞ്ഞുള്ള അഞ്ചു വർഷങ്ങൾ ആയിരിക്കണം അമ്മ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചു ജീവിച്ചത്. ടൂർ ഗ്രൂപ്പുകളുടെ കൂടെ ടൂർ പോകാൻ തുടങ്ങി. അമ്മയും മണിപ്പേരമ്മയും കൂടി യാത്രകൾ ചെയ്തു. ഇഷ്ട്ടമുള്ളത് വാങ്ങി ക്കഴിച്ചു. ഞങ്ങളുടെ കൂടെ അയർലണ്ടിൽ വന്നു, ലണ്ടനിൽ പോയി, ഒത്തിരി ചിരിച്ചു, സന്തോഷിച്ചു. ആ അഞ്ചു വർഷമാണ്, ആ അഞ്ചു വർഷം മാത്രമാണ് അമ്മ ജീവിച്ചത്.

അതിനു മുൻപേ മറ്റുള്ളവർക്കായി ജീവിക്കുക ആയിരുന്നു. അയർലണ്ടിൽ വന്നതിന് ശേഷമുള്ള അടുത്ത വർഷം മുതലാണ് അമ്മയ്ക്ക് മറവി രോഗം വരുന്നത്. ഇപ്പോൾ മറവിയുടെ മായാ ലോകത്തിൽ ജീവിക്കുന്ന അമ്മയ്ക്ക്, അച്ഛനെ ഓർമ്മ ഇല്ല, മക്കളെ അറിയില്ല, ദിനങ്ങളും, മാസങ്ങളും അറിയില്ല. കാലം പെട്ടെന്നാണ് യാത്ര ചെയ്യുന്നത്. അമ്മയുടെ യൗവ്വനം മുതൽ വാർദ്ധക്യം വരെ കണ്ട ഞാൻ എല്ലാം ഒരു സിനിമ കണ്ടു കഴിഞ്ഞ പോലെ തോന്നുന്നു. അത്ര പെട്ടെന്നാണ് അത്രയും സമയം പോയത്. എനിക്കുള്ള ആശ്വാസം അമ്മ അഞ്ചു വർഷം സന്തോഷമായി ജീവിച്ചു എന്നുള്ളതാണ്.

Michael Altshuler പറഞ്ഞപോലെ “The bad news is time flies. The good news is you’re the pilot.” എഴുപത്തി അഞ്ചു വയസ്സുള്ള അമ്മയ്ക്ക്, അമ്മയുടെ യാത്രയുടെ പൈലറ്റ് ആകാൻ അഞ്ചു വർഷമേ കിട്ടിയുള്ളൂ എന്ന് മാത്രമാണ് സങ്കടം. പറഞ്ഞു വന്നത് സമയം പറക്കുകയാണ്, ഒരു ലക്ഷ്യവും ഇല്ലാതെ, എത്രയും നേരത്തെ നമ്മൾ ആ സമയമാകുന്ന വിമാനത്തിൽ പൈലറ്റാകുന്നോ അത്രയും കൂടുതൽ ജീവിതം ആസ്വദിക്കാം. ഒരു വർഷമെങ്കിലും ഒരു വർഷം; അല്ലെങ്കിൽ അമ്മയെപ്പോലെ അഞ്ചു വർഷം. അമേരിക്കൻ എഴുത്തുകാരിയും മോഡലും ആയ Lindsay Lohan പറഞ്ഞത് “During the past five years, I’ve learned that time flies faster than you think, and because you only live once you have to learn from your mistakes, live your dreams and be accountable.”

അതെ, സമയം നമ്മൾ വിചാരിക്കുന്നതിലും പെട്ടെന്നാണ് സമയം പോകുന്നത്. അതിൽ നമുക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാൻ ഒരു ദിവസത്തിൽ മിനിമം ഒരു മണിക്കൂർ; അല്ലെങ്കിൽ വർഷത്തിൽ ഒരു മാസം; ഉത്തരവാദിത്വങ്ങൾ കഴിഞ്ഞാൽ ഒരു മുഴുവൻ വർഷവും നമുക്കായി മാത്രം മാറ്റി വയ്ക്കണം. അല്ലെങ്കിൽ ജീവിതം ഇപ്പോൾ തീരും. അമ്മയുടെ ജീവിതം തുടങ്ങുന്നതും, തീരുന്നതും കൺമുൻപിൽ കണ്ടതാണ്.