ഡോളര്‍ കടത്തുകേസില്‍ സ്വപ്‌നയേയും സരിത്തിനേയും മാപ്പുസാക്ഷികളാക്കുമെന്ന് കസ്റ്റംസ്

ഡോളര്‍ കടത്തുകേസിലെ പ്രധാനികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കുമെന്ന് കസ്റ്റംസ്. ഇരുവരുടേയും രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും ഐടി വിദഗ്ധന്‍ അരുണ്‍ ബാലചന്ദ്രനേയും കസ്റ്റംസ് നാളെ ചോദ്യം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഐടി ഫെല്ലോ ആയിരുന്നു അരുണ്‍ ബാലചന്ദ്രന്‍.

നൂറ് കോടിയോളം രൂപയാണ് വിദേശത്തേക്ക് റിവേഴ്‌സ് ഹവാലയായി കടത്തിയത്. ഇക്കാര്യത്തില്‍ സ്വപ്‌നയും സരിത്തും ഉപകരണങ്ങള്‍ മാത്രമായിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണി ഉണ്ടാക്കുന്നതാണെന്ന് കസ്റ്റംസ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയില്ലുള കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കേസില്‍ സുപ്രധാനമായ തെളിവുകളാണ് ഇരുവരുടെയും പക്കല്‍ നിന്നും ലഭിച്ചിരിക്കുന്നതെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.

ഇരുവരുടെയും രഹസ്യമൊഴി കേസില്‍ കൂടുതല്‍ തുമ്പുണ്ടാക്കിയിട്ടുണ്ട്. ഇരുവരുടെയേും വെളിപ്പെടുത്തലുകള്‍ പ്രകാരം കൂടുതല്‍ വിദേശ പൗരന്മാര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. കേസന്വേഷണം വിദേശത്തേക്ക് നീങ്ങുമെന്നും വിദേശ പൗരന്മാരുടെ സന്ദര്‍ശനത്തെക്കുറിച്ച് പരിശോധിക്കേണ്ടത് ഉണ്ടെന്നും കസ്റ്റംസ് അറിയിച്ചു.

അതേസമയം തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറിനെ കസ്റ്റംസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്തുന്നത് സംബന്ധിച്ച് ആയിരിക്കും ചോദ്യം ചെയ്യല്‍. സ്വപ്ന, സരിത്ത് എന്നിവരെയും ഒരുമിച്ച് ഇരുത്തി ആയിരിക്കും കസ്റ്റംസ് ചോദ്യം ചെയ്യുക.