സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന: റമീസിന് വയറുവേദന

തൃശ്ശൂർ: തിരുവനന്തപുരം സ്വർണ്ണ കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന് വീണ്ടും നെഞ്ചുവേദന. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആറ് ദിവസം മുൻപും ഇവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. ഇന്നലെയാണ് ഇവരെ ആശുപത്രിയിൽ നിന്നും വിട്ടത്. സ്വപ്നയെ വിയ്യൂർ ജയിലിലാണ് പാർപ്പിച്ചിരുന്നത്.

കേസിലെ മറ്റൊരു പ്രതി റമീസിനെയും ആശുപത്രിയിൽ പരിശോധനയ്ക്കായി കൊണ്ടുവന്നിട്ടുണ്ട്. വയറുവേദനയെ തുടർന്നാണ് റമീസിനെ കൊണ്ടുവന്നിരിക്കുന്നത്. ആറ് ദിവസത്തെ ചികിത്സയ്ക്കു ശേഷം ശനിയാഴ്ചയാണ് സ്വപ്‌ന സുരേഷ് ആശുപത്രി വിട്ടത്. ചികിത്സയിൽ തുടരാൻ തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്നു പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്കു മൂന്നോടെ സ്വപ്നയെ വിയ്യൂർ വനിതാ ജയിലിലേക്കു മാറ്റി.

സ്വപ്നയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കേസിലെ മറ്റ് പ്രതികൾക്ക് പിന്നാലെ സ്വപ്ന സുരേഷിനെയും വിയ്യൂരിലെ അതിസുരക്ഷാ ജയിലിലെത്തിച്ചിരുന്നു. മറ്റ് പ്രതികളെ മുമ്പ് അതിസുരക്ഷാ ജയിലിൽ എത്തിച്ചിരുന്നെങ്കിലും പ്രത്യേക വനിതാ ബ്ലോക്ക് ഇല്ലാത്തതിനാൽ സ്വപ്ന കാക്കനാട് ജയിലിൽ തന്നെ തുടരുകയായിരുന്നു .ജയിലിൽ വനിതാ തടവുകാർക്ക് സൗകര്യമില്ലാത്തതിനാലാണ് സ്വപ്നയെ വനിതാ ജയിലിലേക്ക് മാറ്റിയത്.

കഴിഞ്ഞ തിങ്കളാഴ്ച സിജിയിൽ വ്യതിയാനം ക‌ണ്ടതിനു പിന്നാലെ മെഡിസിൻ വിഭാഗം ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. മാനസിക സമ്മർദം മൂലം ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹത്തിന്റെ അളവു നേരിയ തോതിൽ കുറഞ്ഞതാണ് ശാരീരിക അസ്വസ്ഥതയ്ക്കു കാരണമായതെന്നു മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു.

കേസിലെ മറ്റ് പ്രധാന പ്രതികളായ സരിത്ത്,സന്ദീപ് നായർ,റെമീസ്,സംജു എന്നിവരുൾപ്പെടെ എട്ടുപേർ വിയ്യൂർ ജയിലിലുണ്ട്.പ്രതികളിൽ ഒട്ടുമിക്കവർക്കുമെതിരെ യു.എ.പി.എ ചുമത്തിയിട്ടുള്ളതിനാലാണ് അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്