“എവിടേലും കൊണ്ട് പോയി തള്ളിക്കോ, തള്ളയെ നോക്കാന്‍ എനിക്ക് വയ്യ, ചത്ത് കിട്ടിയാല്‍ അത്രയും സന്തോഷം”.

 

തിരുവനന്തപുരം/ “എവിടേലും കൊണ്ട് പോയി തള്ളിക്കോ, തള്ളയെ നോക്കാന്‍ എനിക്ക് വയ്യ, ചത്ത് കിട്ടിയാല്‍ അത്രയും സന്തോഷം”. പെറ്റമ്മ ഒന്ന് ചത്ത് കിട്ടാൻ ആഗ്രഹിക്കുന്ന ഒരു മകൾ പറഞ്ഞ വാക്കുകൾ. മകൾ തെരുവിൽ ഉപേക്ഷിച്ചതിൽ പിന്നെ റോഡിൽ വീണു നെറ്റിയില്‍ മുറിവുകളും മൂക്കില്‍ ചോരയുമായി കണ്ട യുവാവ് 85 വയസ്സിനു മുകളില്‍ പ്രായമുള്ള അമ്മയെ വീട്ടിൽ തിരികെ എത്തിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു ഇത്. സ്നേഹത്തിന്റെയും സഹനത്തിന്റെയും ബലിപെരുന്നാള്‍ ദിനത്തില്‍ തിരുവനന്തപുരം വെള്ളായണിക്ക് സമീപം നടന്ന സംഭവമാണിത്. വഞ്ചിയൂര്‍ സ്വദേശിയും കോവളം നീലകണ്ഠ റിസോര്‍ട്ട് എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹന്‍ കൃഷ്ണ എന്ന 23 വയസുകാനാണ് തനിക്ക് ഇന്നുണ്ടായ അനുഭവം പങ്കുവെച്ചിരിക്കുന്നത്.

നെറ്റിയില്‍ മുറിവുകളും മൂക്കില്‍ ചോരയുമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട വൃദ്ധയ്ക്ക് രോഹന്‍ കൃഷ്ണ സഹായകനാവുകയായിരുന്നു.. ബക്രീദിന് സുഹൃത്തിന്‍റെ വീട്ടിലേക്ക് ഉച്ച ഭക്ഷണത്തിനായി പോകവെയാണ് കരളലിയിക്കുന്ന ദൃശ്യം രോഹന്‍ കാണുന്നത്. അമ്മയോട് സംസാരിച്ച് അമ്മയുടെ ഫോണില്‍ നിന്നും മകളെ ബന്ധപ്പെട്ടപ്പോള്‍ രോഹന്‍ ലഭിച്ച മറുപടി ‘അമ്മയെ എവിടെയെങ്കിലും കൊണ്ട് തള്ളിക്കോളൂ’ എന്നായിരുന്നു.

ബക്രീദ് ദിനത്തില്‍ തിരുവനന്തപുരം വെള്ളായണിയിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് ഉച്ച ഭക്ഷണത്തിനായി പോകുകയായിരുന്നു രോഹന്‍ കൃഷ്ണ. ഈ സമയത്താണ് മൂക്കില്‍ നിന്ന് ചോരയൊലിച്ച നിലയിൽ നെറ്റിയില്‍ മുറിവുകളോടെ 85 വയസ്സിനു മുകളില്‍ പ്രായമുള്ള ഒരു സ്ത്രീയെ രോഹന്‍ കാണുന്നത്. ഉടനെ വൃദ്ധയുടെ അടുത്ത് എത്തി രോഹന്‍ കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. കമലമ്മ എന്നാണ് വൃദ്ധ രോഹനോട് പേര് പറഞ്ഞത്. ബാലരാമപുരം വഴുമുക്ക് സ്വദേശിനിയാണ് അവർ.

മകള്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടതാണെന്നും, നിലത്ത് വീണ് മുഖത്ത് പരിക്ക് ഏറ്റതാണെന്നും വൃദ്ധ രോഹനോട് പറയുകയുണ്ടായി. വൃദ്ധയുടെ പക്കല്‍ നിന്ന് മകളുടെ ഫോണ്‍ നമ്പർ വാങ്ങി രോഹന്‍ ബന്ധപ്പെട്ടു. അമ്മയുടെ അവസ്ഥ പറഞ്ഞു വീട്ടില്‍ കൊണ്ട് ആക്കാം എന്ന് പറഞ്ഞ രോഹന്‍നോട് വൃദ്ധയുടെ മകളുടെ മറുപടി ഇങ്ങനെയായിരുന്നു, “എവിടേലും കൊണ്ട് പോയി തള്ളിക്കോ, ഈ തള്ളയെ നോക്കാന്‍ എനിക്ക് വയ്യ, അവര്‍ ചത്ത് കിട്ടിയാല്‍ അത്രയും സന്തോഷം”. എന്നായിരുന്നു.

ഇത് കേട്ട് തന്‍റെ കണ്ണുകള്‍ നിറഞ്ഞു എന്ന് രോഹന്‍ പറയുന്നു. എന്നാല്‍ വൃദ്ധയ്ക്ക് അര്‍ഹമായ പരിചരണം നല്‍കാതെ അവരെ ഉപേക്ഷിക്കാന്‍ കഴിയില്ല എന്ന് രോഹന്‍ വൃദ്ധയുടെ മകളോട് പറഞ്ഞു. തുടര്‍ന്ന് രോഹന്‍ നേമം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയായിരുന്നു. ഉടനെ പൊലീസ് സ്ഥലത്തെത്തി. അവർ രോഹനില്‍ നിന്നും വൃദ്ധയില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വൃദ്ധയുടെ മകളെ ഫോണില്‍ വിളിച്ചു. എന്നാല്‍ വൃദ്ധയെ വീട്ടിലേക്ക് കൊണ്ട് പോകാന്‍ കഴിയില്ല എന്ന മറുപടി മകള്‍ പൊലീസിനോടും പറഞ്ഞു. കൂട്ടികൊണ്ടു പോയില്ലെങ്കിൽ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.

അപ്പോൾ വൃദ്ധ മാതാവിന്റെ മുഖത്ത് നിസ്സഹായത താന്‍ കണ്ടുവെന്നും ഇക്കാലത്ത് ഇത് നമുക്ക് ചുറ്റും നടക്കുന്ന ഒരു സാധാരണ കാര്യമാണെങ്കിലും “അവിശ്വസനീയ മായത്” എന്താണെന്ന് തനിക്ക് മനസിലാക്കാനായെന്നും രോഹന്‍ കൃഷ്ണ പറയുന്നു. പൊലീസ് നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെയാണ് സ്റ്റേഷനില്‍ എത്തിച്ച അമ്മയെ മകള്‍ എത്തി വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നത്.