വന്നല്ലോ വനമാല പരസ്യത്തിന്റെ ശില്പി കെ എൻ ശശിധരൻ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു. 72 വയസായിരുന്നു. ഇടപ്പള്ളിയിലെ സ്വന്തം വീട്ടിൽ തന്നെയാണ് സംവിധായകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിവുസമയം കഴിഞ്ഞിട്ടും ഉറക്കമെഴുന്നേൽക്കാത്തതിനെ തുടർന്നു നോക്കിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടറെത്തി മരണം സ്ഥിരീകരിച്ചു. ഒട്ടേറെ പരസ്യചിത്രങ്ങളും ചെയ്തിട്ടുണ്ട്.

കെ.എൻ. ശശിധരൻ സംവിധാനം ചെയ്ത വനമാല സോപ്പിൻ്റെ പരസ്യചിത്രം ഒരുപാട് ശ്രദ്ധ നേടിയിരുന്നു. പരസ്യ ചിത്രത്തിലെ ഗാനമായ ‘വന്നല്ലോ വനമാല’ അക്കാലത്ത് ഏവരും പാടി നടന്നിരുന്നു. സിദ്ദിഖും കാവ്യമാധവനുമായിരുന്നു ഈ പരസ്യചിത്രത്തിൽ അഭിനയിച്ചത്. 2014ൽ അനുപം ഖേർ, ബേബി അനിഖ തുടങ്ങിയവർ അഭിനയിച്ച നയനയാണ് അവസാന ഫീച്ചർ സിനിമ. 1985ൽ കാണാതായ പെൺകുട്ടി എന്ന ചിത്രവും സംവിധാനം ചെയ്തു.

തൃശൂർ ഗുരുവായൂർ സ്വദേശിയാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബിരുദം കരസ്ഥമാക്കിയ കെ എൻ ശശിധരൻ, 1984ൽ പി കെ നന്ദനവർമ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ പേരിൽ തന്നെ ആദ്യ ചിത്രമൊരുക്കി. സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയതും ശശിധരൻ തന്നെയായിരുന്നു. ഭരത് ഗോപി, മാധവി ഏന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ നെടുമുടി വേണു, മമ്മുട്ടി, മോഹൻലാൽ മുതലായവരും അഭിനയിച്ചു. തഹസിൽദാരായ ഒരാൾക്ക് അത്യാഗ്രഹിയായ ഭാര്യ വരുത്തിവക്കുന്ന വിനകളാണ് ചിത്രം പറയുന്നത്. 1984 കാലത്ത് ഗൾഫ് പണം മലയാളികളിലുണ്ടാക്കിയ സ്വാധീനം സിനിമയിൽ കാണാം. ഗൾഫുകാരെ അസൂയയോടെയും അമ്പരപ്പോടെയും കാണുന്ന സമൂഹമാണ് ഈ സിനിമയുടെ കേന്ദ്രബിന്ദു. ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു ഇത്.