എല്ലാം കുട്ടികള്‍ക്ക് വേണ്ടി, അധ്യാപകദിനത്തിലും തെങ്ങില്‍ കയറി ഈ പ്രധാന അധ്യാപകന്‍

കോഴിക്കോട്:തെങ്ങ് കയറുന്ന പ്രധാന അധ്യാപകന്‍.കേള്‍ക്കുന്നവര്‍ ഒന്നു ഞെട്ടും.എന്നാല്‍ അങ്ങനെ ഒരാളുണ്ട്.കുടിയേറ്റ മേഖലയായ ആനക്കാംപൊയിലിനു സമീപം മലമുകളിലുള്ള മുത്തപ്പന്‍പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ലൈജു തോമസ് ആണത്.സ്‌കൂളില്‍ എത്തിയതിന് ശേഷം ആദ്യമായി തെങ്ങ് കയറിയതിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ,”വൈകിട്ട് സ്‌കൂള്‍ മുറ്റത്തു കളിച്ചു ക്ഷീണിച്ച കുഞ്ഞുങ്ങള്‍ വിശക്കുന്നുവെന്ന് പറഞ്ഞു.കഞ്ഞിപ്പുരയില്‍ അവിലും ശര്‍ക്കരയും ഇരിപ്പുണ്ട്.ഞാന്‍ തോര്‍ത്ത് തളപ്പാക്കി തെങ്ങില്‍ക്കയറി തേങ്ങയിട്ടു.അവിലു കുഴച്ചുകൊടുത്തു. ഈ സ്‌കൂളില്‍ വന്ന ശേഷം ആദ്യത്തെ തെങ്ങുകയറ്റം അന്നായിരുന്നു.”

തെങ്ങു കയറ്റവും തേങ്ങയിടലും മാത്രമല്ല ലൈജു മാഷിന്റെ കയ്യിലുള്ളത്.സ്‌കൂളിന്റെ മുറ്റത്ത് കിടന്ന പാറക്കൂട്ടം കൂടം കൊണ്ട് ഇടിച്ച് പൊട്ടിച്ച് മതില്‍ കെട്ടുന്നു.സ്‌കൂള്‍ പരിസരത്ത് ചേനയും ചെമ്പും കാച്ചിലും വാഴയും നടുന്നു.കുളം നിര്‍മ്മിച്ച് മീന്‍ വളര്‍ത്തുന്നു.ഇതിനൊക്കെ ലൈജു മാഷിന് പറയാന്‍ ഇത്രയുമേ ഉള്ളൂ,’എല്ലാം കുട്ടികള്‍ക്കു വേണ്ടിയാണ്.ഈ സ്‌കൂളില്ലെങ്കില്‍ മുത്തപ്പന്‍പുഴ ആദിവാസി കോളനിയിലെ കുഞ്ഞുങ്ങള്‍ക്കു പഠനം സ്വപ്നമായി മാറും.മാത്രമല്ല,എന്തു ജോലിയും മടിയില്ലാതെ ചെയ്താല്‍ നന്നായി ജീവിക്കാമെന്ന പാഠം ഞാനല്ലേ പഠിപ്പിക്കേണ്ടത്?’

ഇരുവഞ്ഞിപ്പുഴ പിറവിയെടുക്കുന്ന വെള്ളരിമലയുടെ ചരിവില്‍ പുഴയ്ക്കരികിലാണ് ഈ സ്‌കൂള്‍. രുള്‍പൊട്ടലും കാട്ടാന ശല്യവും കാരണം കുടിയേറ്റക്കാര്‍ മലയുടെ താഴ്‌വാരത്തേക്കു താമസം മാറ്റിയെങ്കിലും ഗോത്ര ജനത അവിടെ തന്നെയാണ് താമസിച്ച് വരുന്നത്.ആദിവാസി കുട്ടികളായ 16 പേര്‍ അടക്കം ആകെ 20 കുട്ടികളാണ് സ്‌കൂളില്‍ ഉള്ളത്.പല വിദ്യാര്‍ത്ഥികളുടെയും കുടികളില്‍ ഭക്ഷണം ഒന്നും ഉണ്ടാകില്ല.അതുകൊണ്ട് തന്നെ സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണം മാത്രമല്ല,രാവിലെയും വൈകുന്നേരവും എന്തെങ്കിലും ഭക്ഷിക്കാനായി ലൈജു മാഷ് ഉണ്ടാക്കി കൊടുക്കും.19 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ ഒരിക്കല്‍ പോലും ലൈജു അവധി എടുത്തിട്ടില്ല.ആഴ്ചയില്‍ ഒരിക്കല്‍ വീട്ടില്‍ പോകും.മറ്റ് ദിവസങ്ങളില്‍ സ്‌കൂളിലെ ഓഫീസ് മുറിയില്‍ താമസിക്കും.