താനൂരിലെ ബോട്ടപകടം, ഒരു കുട്ടിയെ കാണാനില്ല, തിരച്ചില്‍ തുടരുന്നു

മലപ്പുറം: വിനോദസഞ്ചാരികളുമായി കായലിൽ ഇറങ്ങിയ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. 10ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം ഒരു കുട്ടിയെ കുറിച്ച് വിവരമില്ലെന്ന് ബന്ധുക്കള്‍. എന്‍.ഡി.ആര്‍.എഫിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. നേവിയും തിരച്ചിലിനായി രംഗത്തുണ്ട്. ബോട്ടില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നത് സംബന്ധിച്ച് ഇതുവരേയ്ക്കും വ്യക്തതയില്ല.

അപകടസമയം ബോട്ടിൽ നാല്‍പതിലേറെപ്പേരുണ്ടായിരുന്നു എന്നാണ് അനുമാനം. കുട്ടികളെ കൂടാതെ 39 പേര്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ഇതിൽ ഒന്നിലും ഉറപ്പില്ല എന്നതാണ് എല്ലാവരെയും ഒരുപേലെ കുഴപ്പിക്കുന്നത്. എട്ടുപേരുടെ മൃതദേഹം വിട്ടുനല്‍കി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അറ്റ്ലാന്റിക് എന്ന് പേരുള്ള ബോട്ട് പൂരപ്പുഴയുടെ അഴിമുഖത്ത് മറിഞ്ഞത്. ഓടിയെത്തിയ മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരാണ് ആളുകളെ രക്ഷിക്കാനിറങ്ങിയത്.

അതേസമയം ബോട്ടപകടം വിളിച്ചുവരുത്തിയതെന്ന് നാട്ടുകാർ പ്രതികരിച്ചു. മത്സ്യ ബന്ധനത്തിനായി ഉപയോഗിച്ചിരുന്ന ബോട്ടാണ് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നതെന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ ബോട്ടിൽ ഇല്ലായിരുന്നുവെന്നും നാട്ടുകാാർ പറയുന്നു. ബോട്ടിന്റെ പ്രവർത്തനത്തെ കുറിച്ച് അറിയാവുന്ന നാട്ടുകാരിൽ ചിലർ പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതെല്ലം ബോട്ടുടമ സർവീസ് നടത്തുകയായിരുന്നു.