ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തളളിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം. മറ്റൊരു വിവാഹം കഴിക്കാൻ ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനായി, ആനാട് വേങ്കവിള വേട്ടമ്പള്ളി തവലോട്ടുകോണം നാല്സെന്റ് കോളനിയിൽ ജീനാ ഭവനിൽ സുനിതയെ (35) ചുട്ടെരിച്ചു കൊന്ന കേസിന്റെ വിചാരണയും അന്തിമവാദവും പൂർത്തിയായി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു ജനുവരി 13ന് കേസിന്‍റെ വിധി പറയും. പ്രതിയുടെ ജാമ്യം റദ്ദാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.

സുനിതയുടെ ഭർത്താവ് ജോയ് (43) എന്ന് വിളിക്കുന്ന ജോയി ആൻറണിയാണ് കേസിലെ പ്രതി. സ്ത്രീധനത്തിനായി മറ്റൊരു വിവാഹം കഴിക്കാനാണ് പ്രതി ജോയ് ഭാര്യ സുനിതയെ അതിധാരുണമായി കൊലപ്പെടുത്തിയത്. സുനിതയെ മണ്‍വെട്ടി കൈകൊണ്ട് തലയക്ക് അടിച്ചു വീഴ്ത്തിയ ശേഷം ജീവനോടെ മണ്ണെണ്ണ ഒഴിച്ച് ചുട്ട് കൊന്ന് മൂന്ന് കഷ്ണങ്ങളാക്കി പ്രതിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ തളളുകയായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

2013 ആഗസ്റ്റ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവ് ജോയി ഭാര്യ സുനിതയെ ഒഴിവാക്കി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതിനു വേണ്ടി മനപ്പൂർവം സുനിതയുടെ മേൽ ആരോപണങ്ങൾ ഉന്നയിച്ച് ദേഹോപദ്രവം ഏൽപ്പിക്കുമായായിരുന്നു. കൃത്യദിവസം വൈകിട്ട് അഞ്ചു മണിയോടെ സുനിതക്ക് വന്ന ഫോൺകോളിൽ കുറ്റമാരോപിച്ച് മൺവെട്ടിക്കൈ കൊണ്ട് സുനിതയുടെ ശരീരത്തിന്റെ പല ഭാഗത്തും അടിച്ചു. സുനിത ബോധരഹിതയായി വീടിനകത്ത് വീണപ്പോൾ വീട്ടിൽ കരുതിയിരുന്ന മണ്ണെണ്ണ പുറത്തുകൂടെ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി.

തുടർന്ന് മൃതശരീരം ആറാം തീയതി വരെ വീട്ടിലെ മുറിയിൽ ഒളിപ്പിച്ച് വസ്ത്രങ്ങളും മറ്റും വാരിയിട്ട് കത്തിച്ച് മൃതശരീരത്തിന്റെ ഭാഗങ്ങൾ വീട്ടിലെ കക്കൂസിന്റെ സെപ്റ്റിക് ടാങ്കിൽ വാരിയിട്ടു തെളിവ് നശിപ്പിച്ചു എന്നാണു പ്രോസിക്യൂഷൻ കേസ്. സംഭവ ശേഷം ആഗസ്റ്റ് 18നാണ് പ്രതിയെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് റവന്യൂ റിക്കവറി തഹദിൽദാർ ബൈജുവിന്‍റെ സാന്നിധ്യത്തിൽ സെപ്റ്റിക് ടാങ്ക് തുറന്നു പൊലീസ് പരിശോധന നടത്തുകയായിരുന്നു. നാട്ടുകാരുടെ സാന്നിധ്യത്തിൽ ടാങ്കിന്റെ മൂട് ഇളക്കി കുഴിയിൽ ഇറങ്ങി തലയുടെ ഭാഗമാണ് ആദ്യം പുറത്തെടുത്തത്. തലയും ശരീരഭാഗങ്ങളും അഴുകിവേർപ്പെട്ട നിലയിലായിരുന്നു. കുഴിയിലുണ്ടായിരുന്ന സകല ശരീരഭാഗങ്ങളും പുറത്തെടുത്ത് ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധിച്ചു.

കൊല്ലപ്പെട്ടത് സുനിതയാണെന്ന് കോടതി നിർദേശപ്രകാരം നടത്തിയ ഡിഎന്‍എ ടെസ്റ്റിലൂടെ തെളിഞ്ഞിരുന്നു. കോടതിയുടെ നേരിട്ടുള്ള ചോദ്യം ചെയ്യലില്‍ മണ്‍വെട്ടി കൈ കൊണ്ടല്ല ഓല മടല് കൊണ്ടാണ് താന്‍ സുനിതയെ അടിച്ചതെന്നും തന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹ അവശിഷ്ടം പൊലീസ് കണ്ടെടുത്തതായും പ്രതി സമ്മതിച്ചിരുന്നു.

സുനിതയുടെ മക്കള്‍ രണ്ട് പേരും അച്ഛന്‍ അമ്മയെ അടിച്ചു വീഴ്ത്തിയ ശേഷം മണ്ണെണ്ണ ദേഹത്ത് ഒഴിയ്ക്കുന്നത് കണ്ടതായി കോടതിയില്‍ മൊഴി നല്‍കി. ആ സമയം അച്ഛന്റെ അമ്മ വന്ന് തങ്ങളെ അടുത്ത വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് പോയി ഭക്ഷണം നല്‍കി. പിന്നീട് ഇന്നു വരെ അമ്മയെ കണ്ടിരുന്നില്ലെന്നും കുട്ടികൾ മൊഴി നൽകി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.

24 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 35 രേഖകളും 23 തൊണ്ടി മുതലുകളും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, അഡ്വ. ദീപ വിശ്വനാഥ്, അഡ്വ. വിനു മുരളി, അഡ്വ. തുഷാര രാജേഷ് എന്നിവർ ഹാജരായി. നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന എസ്. സുരേഷ് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്.