മകരജ്യോതി ദിവ്യദർശനത്തിന് ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി.

പത്തനംതിട്ട . മകരജ്യോതി ദിവ്യദർശനത്തിനായി ശബരിമലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. പത്തനംതിട്ട കലക്ടർ ദിവ്യ എസ് അയ്യർ ആണ് ഇക്കാര്യം ഫേസ് ബുക്കിൽ കുറിച്ചു. ഭക്തരെ വരവേൽക്കുവാൻ കാഴ്ചയിടങ്ങൾ തയ്യാറായി. ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, പൊതുമരാമത്തു വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പിലെ പ്രതിനിധികൾ തുടങ്ങിയവരോടൊപ്പം വെള്ളിയാഴ്ച ജില്ലയിലെ വിവിധ ജ്യോതി കാഴ്ചയിടങ്ങൾ സന്ദർശിച്ചതായും കലക്ടർ ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.

പഞ്ഞിപ്പാറ, അയ്യന്മല, നെല്ലിമല, അട്ടത്തോട്, ഇലവുങ്കൽ, തുടങ്ങിയ ഇടങ്ങൾ നേരിൽ സന്ദർശിച്ചു ബാരിക്കേഡുകൾ ഉൾപ്പടെ ഉള്ള സുരക്ഷാക്രമീകരങ്ങൾ, വെളിച്ചം, കുടിവെള്ളം, ശൗചാലയങ്ങൾ, ശുചിത്വ സംഘങ്ങൾ, മെഡിക്കൽ ടീം തുടങ്ങി തീർത്ഥാടകർക്ക് ആവശ്യമായി വരുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സമഗ്രപരിശോധന റിപ്പോർട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്.

ജനലക്ഷങ്ങൾ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മകരജ്യോതി ദർശനത്തിനായി പത്തനംതിട്ടയിലേക്ക് വരുമ്പോൾ ഏവരും ഭദ്രമായി തൊഴുതു മടങ്ങുവാൻ വേണ്ടുന്ന അധികസൗകര്യങ്ങൾ (അധിക ബസ്സ് സർവീസ്, പാർക്കിംഗ് ഗ്രൗണ്ട് മുതലായവ ) ഏർപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകർ ഏവരും നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടു, പരസ്പരം കരുതലോടെ മകരവിളക്ക് മഹോത്സവത്തിൽ പങ്കെടുക്കുമെന്ന് വിശ്വസിക്കുന്നു. ജനത്തിരക്കിന്റെ മധ്യത്തിൽ തിരികെ മലയിറങ്ങുമ്പോൾ സാവധാനം ഇറങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ!- കലക്ടർ ദിവ്യ എസ് അയ്യർ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നു.