കരഞ്ഞപേക്ഷിച്ചപ്പോള്‍ അച്ഛനെ കൂടുതല്‍ അടിക്കാന്‍ തുടങ്ങി; കെഎസ്ആര്‍ടിസി ഗുണ്ടകളുടെ ആക്രമണത്തില്‍ മകള്‍ പറയുന്നു

കാട്ടാക്കട കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ അച്ഛനെയും മകളെയും കൈയ്യേറ്റം ചെയ്തത് ഇന്നലെ മുതല്‍ വന്‍ വിവാദത്തിന് വഴി തെളിച്ചിരുന്നു. ഇപ്പോഴിതാ മകള്‍ തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കുകയാണ്.

എന്തോ ബഹളം കേട്ട് ഞാന്‍ ഓഫീസിന്റെ ഉള്ളില്‍ പോയി നോക്കി. അച്ഛനെ എല്ലാരും പിടിച്ച് അടിക്കുകയായിരുന്നു. തടയാന്‍ പോയ എന്നെയും പിടിച്ചു തള്ളി. പിന്നെ ഒരു റൂമിനകത്ത് പപ്പയെ ബലമായിട്ട് പിടിച്ചു കൊണ്ടു പോവുകയായിരുന്നു. ഞാന്‍ ആദ്യം അടിക്കല്ലേ അടിക്കല്ലേ എന്ന് കരഞ്ഞ് പറഞ്ഞപ്പോള്‍ അവര്‍ കേട്ടില്ല. പിന്നെ എനിക്ക് ദേഷ്യപ്പെടേണ്ടി വന്നു. അപ്പോഴാണ് അവരൊന്ന് അയഞ്ഞത്. എക്‌സാം പോലും എഴുതാനായില്ല. അച്ഛനെ അടിക്കുന്ന രംഗം മാത്രമായിരുന്നു മനസില്‍.

അച്ഛനെ അടുത്തുള്ള മുറിയിലേക്ക് കുറച്ച് പേര്‍ ചേര്‍ന്ന് വലിച്ചുകൊണ്ട് പോയി. അടിക്കരുതെന്ന് പറഞ്ഞിട്ടും കേട്ടില്ല. മര്‍ദ്ദനം നടന്നിട്ടും ആരും സഹായത്തിന് എത്തിയില്ല. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ പോയി പരാതി പറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് അച്ഛനെ ആശുപത്രിയില്‍ എത്തിച്ചത്. മകള്‍ പറയുന്നു. കണ്‍സഷന്‍ ആവശ്യപ്പെട്ട് പോയപ്പോള്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു അവരാവശ്യപ്പെട്ടത്. മൂന്ന് മാസം മുമ്പ് കൊടുത്തതാണ്. മകള്‍ക്ക് പരീക്ഷയാണ് രണ്ട് ദിവസം കഴിഞ്ഞ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുതരാം എന്ന് പറഞ്ഞപ്പോഴും അവര്‍ വാശി തുടര്‍ന്നെന്ന് അച്ഛന്‍ പറയുന്നു.