പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് ഇല്ല, വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളെ ചതിച്ചു.

തിരുവനന്തപുരം/ എസ്എസ് എൽ സി- പ്ലസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്ക് നൽകാതെ വിദ്യാർത്ഥികളോട് ക്രൂരത. കലാ-കായിക മത്സരങ്ങൾ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം എന്നാണ് ഇക്കാര്യത്തിൽ ഉള്ള വിശദീകരണം. എസ്എസ്എൽസി ഫലപ്രഖ്യാനം നടക്കാനിരിക്കെയാണ്‌ ഇക്കാര്യം പുറത്ത് വരുന്നത്. എൻസിസി ഉൾപ്പെടെ ഉള്ളവക്കും ഇത്തവണ ഗ്രേസ് മാർക്ക് നൽകുന്നില്ല.

സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ്, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ്, ലിറ്റില്‍ കൈറ്റ്സ്, ജൂനിയര്‍ റെഡ്ക്രോസ് യൂണിറ്റുകളില്‍ അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്കും, കല, കായിക മത്സര ജേതാക്കള്‍ക്കുമാണ് നേരത്തെ ഗ്രേസ് മാര്‍ക്ക് കൊടുത്ത് വന്നിരുന്നത്. കോവിഡിന്റെ കാരണം പറഞ്ഞു അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൃത്യമായി നടത്താനായില്ലെന്നു പറഞ്ഞ് കഴിഞ്ഞവര്‍ഷം ഗ്രേസ് മാര്‍ക്ക് നൽകാതെ വിദ്യാർത്ഥികളെ വിദ്യാഭ്യാസ വകുപ്പ് കബളിപ്പിക്കുകയായിരുന്നു.

ഇതിന് പകരമായി ഉപരിപഠനത്തിന് നിശ്ചിതമാര്‍ക്ക് ബോണസ് പോയന്റായി നല്‍കുന്ന നടപടിയാണ് പോയ വർഷം സ്വീകരിച്ചത്. കൊവിഡ് പിന്‍വാങ്ങി സ്‌കൂളുകള്‍ സജീവമായ സാഹചര്യത്തില്‍ ഗ്രേസ് മാര്‍ക്ക് സംവിധാനം തിരികെ എത്തുമെന്നായിരുന്നു കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പ്രതീക്ഷിച്ചിരുന്നത്. കൃത്യമായി മാസാമാസം ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ പണിയെടുക്കാൻ കാട്ടിയ വിമുഖത മൂലം വിദ്യാർത്ഥികളെ ഒന്നടങ്കം വിദ്യാഭ്യാസ വകുപ്പ് ചതിച്ചിരിക്കുകയാണ്.