മെഡിക്കൽ കോളേജിൽ വിലസി വന്ന വ്യാജ ഡോക്ടറെ ഒടുവിൽ സെക്യൂരിറ്റി പിടികൂടി.

 

കോഴിക്കോട്/ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് രണ്ടാഴ്ചക്കാലം വിലസി നടന്ന യുവാവിനെ സെക്യൂരിറ്റി ജീവനക്കാര്‍ ചേർന്ന് പിടികൂടി. മുക്കം ചേന്ദമംഗലൂര്‍ സ്വദേശിയായ അനൂപ് (29) ആണ് പിടിയിലായത്. അനൂപിനെ പിന്നീട് പോലീസിനു കൈമാറി. മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇയാള്‍ക്കെതിരെ ഇത് സംബന്ധിച്ച് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

ദിവസവും വെളുത്ത ഓവര്‍കോട്ടും സ്റ്റെതസ്‌കോപ്പും ധരിച്ചാണ് അനൂപ് മെഡിക്കൽ കോളേജിൽ എത്തുക. കണ്ടാൽ ഒരു ഡോക്ടർ ആണെന്നെ ആരും പറയൂ. പിന്നെ പതുക്കെ ഓരോ വാര്‍ഡുകളിലും മറ്റും കറങ്ങി നടക്കും. അനൂപിനെ പറ്റി സെക്യൂരിറ്റി ജീവനക്കാർക്കാണ് ചില സംശയങ്ങൾ തോന്നിയത് തുടര്‍ന്ന് ഇയാളെ ജീവനക്കാർ നിരീക്ഷിക്കാൻ തുടങ്ങി. അനൂപിനെ കണ്ടാല്‍ പിടികൂടണമെന്ന് ആശുപത്രി സാര്‍ജൻ്റ് നിര്‍ദേശം നല്‍കിയതോടെ ഇയാളുടെ ഫോട്ടോയും സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറുകയായിരുന്നു. കഴിഞ്ഞദിവസവും അനൂപ് സ്റ്റെതസ്‌കോപ്പ് ധരിച്ച്
പതിവുപോലെ എത്തിയിരുന്നുവെങ്കിലും പിടികൂടാനുള്ള നീക്കത്തിനിടെ രക്ഷപെട്ടു.

ശനിയാഴ്ച രാത്രി എട്ടരയോടെ വീണ്ടും ആശുപത്രിയിലെത്തിയ അനൂപിനെ 36-ാം വാര്‍ഡിനു സമീപം വെച്ച് സുരക്ഷാ ജീവനക്കാര്‍ സംശയം തോന്നി തടഞ്ഞുവെച്ചു. ഡോക്ടറാണെന്നും പുതിയ ആളാണെന്നും പറഞ്ഞെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടപ്പോള്‍ കാണിക്കാനില്ലാതായി. തുടര്‍ന്ന് വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായി രുന്ന ഡോക്ടറുടെ അടുത്തേക്ക് അനൂപിനെ കൂട്ടി കൊണ്ടുപോയി. തുടർന്നാണ് അനൂപ് ഡോക്ടർ വ്യാജമാണെന്നു ബോധ്യപ്പെടുന്നത്. തുടര്‍ന്ന് സെക്യൂരിറ്റി കണ്‍ട്രോള്‍ റൂമില്‍ എത്തിച്ച ഇയാളെ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസറുടെ പരാതി പ്രകാരം മെഡിക്കല്‍ കോളേജ് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായി രുന്നു.രണ്ടാഴ്ച മുൻപ് നഴ്‌സ് ചമഞ്ഞെത്തിയ കാസര്‍കോട് സ്വദേശിനി റംലാബീവിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു.