പ്രവാസിയെ വേണ്ടെന്നു വെച്ച് ഇൻസ്റ്റയിലെ കാമുകനെത്തേടി പോയി തമിഴ്‌നാട്ടിൽ കുടുങ്ങിയ യുവതിയെ പോലീസ് രക്ഷപെടുത്തി.

ചെന്നൈ. പ്രവാസിയെ വേണ്ടെന്നു വെച്ച് ഇൻസ്റ്റയിൽ പരിചയപ്പെട്ട ആൾക്കൊപ്പം ജീവിക്കാൻ വീട് വിട്ടിറങ്ങി തമിഴ്നാട് ദിണ്ടിഗൽ എത്തി കുടുങ്ങിയ യുവതിയെ കേരള പൊലീസ് രക്ഷപ്പെടുത്തി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ചെറുപ്പക്കാരനെ തേടി തമിഴ്നാട് ദിണ്ടിഗൽ എത്തുകയായിരുന്നു. മലപ്പുറം സ്വദേശിയായ യുവതിയാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ദിണ്ടിഗൽ വേദസന്തൂരിൽ എത്തിയത്.

വിവാഹിതയായ ഇവരുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്തു വരുന്നത്. സ്വകാര്യ സ്പിന്നിംഗ് മിൽ കമ്പനി മാനേജർ എന്ന് സ്വയം പരിചയപ്പെടുത്തിയ സമിത് എന്ന യുവാവിനെ തേടിയാണ് യുവതി ആരുമറിയാതെ വേദസന്തൂരിൽ എത്തിയത്. ഇരുവരും ഒന്നിച്ച് ജീവിക്കാൻ ഇൻസ്റ്റഗ്രാം സന്ദേശങ്ങളിലൂടെ തീരുമാനിച്ച ശേഷമാണ് കാമുകനെ തേടി പുറപ്പെടുന്നത്. പക്ഷേ യുവതി ദിണ്ടിഗൽ വേദസന്തൂർ എത്തിയപ്പോഴാണ് ഇങ്ങനെയൊരാൾ അവിടെയില്ലെന്ന് അറിയുന്നത്. ഇതോടെ നാട്ടിലേക്ക് തിരികെപ്പോകാനാകാതെ ഇവർ ദിണ്ടിഗലിൽ പെട്ടു.

തുടർന്ന് ആരുമില്ലാത്തയാളാണെന്നും അഭയം നൽകണമെന്നും അപേക്ഷിച്ച് വേദസന്തൂരിനുള്ള ഒരു സ്ത്രീയുടെ വീട്ടിൽ യുവതി അഭയം തേടുകയായിരുന്നു. താമസിയാതെ അവിടെയുള്ള ഒരു സ്പിന്നിംഗ് മില്ലിൽ തൊഴിലാളിയായി യുവതി ജോലിക്ക് കയറുകയും ചെയ്തു. ഇതൊന്നുമറിയാത്ത വീട്ടുകാർ യുവതിയെ കാണാനില്ലെന്ന പരാതിയുമായി ഇതിനിടെ കേരള പൊലീസിനെ സമീപിച്ചു. കേരള പൊലീസ് ഇതിനിടെ ഇവരുടെ ഫോട്ടോയും വിവരങ്ങളും തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര പൊലീസ് സേനകൾക്ക് നൽകിയിരുന്നു. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് യുവതി വേദസന്തൂർ ആശുപത്രിയിൽ ചികിത്സ തേടി.

ആശുപത്രിയിൽ വെച്ച് യുവതിയെ വേദസന്തൂർ ഡിഎസ്പി ദുർഗാദേവി കാണാനിടയായി. കേരള പൊലീസിന്‍റെ ലുക് ഔട്ട് നോട്ടീസിലെ ചിത്രത്തിലെ യുവതിയാണിതെന്ന് അവർ തുടർന്ന് തിരിച്ചറിഞ്ഞു. തുടർന്ന് പൊലീസ് ഓഫീസർ യുവതിയെ തടഞ്ഞുവച്ചു. തമിഴ്നാട് പൊലീസ് അറിയിച്ചതിനെ തുടർന്ന് കേരള പൊലീസ് വേദസന്തൂരിലെത്തി യുവതിയെ നാട്ടിലേക്ക് കൂട്ടി കൊണ്ടുപോയി. ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി പ്രണയത്തിലായ യുവാവ് സത്യത്തിൽ മലയാളിയാണ്. ദിണ്ടിഗലിൽ സ്പിന്നിംഗ് മിൽ മാനേജർ എന്ന് പരിചയപ്പെടുത്തിയ ഇയാൾ യഥാർത്ഥത്തിൽ കേരളത്തിലെ ഒരു കെട്ടിട നിർമാണ തൊഴിലാളിയാണ്. ഭാര്യക്കും മക്കൾക്കുമൊപ്പം കേരളത്തിലാണ് ഇയാൾ താമസിക്കുന്നത് – പോലീസ് പറഞ്ഞു.