എയര്‍ ബസില്‍ നിന്ന് 250 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി എയര്‍ ഇന്ത്യ ; ഇന്ത്യൻ വ്യോമയാന മേഖലയുടെ വിജയമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എയർ ഇന്ത്യ-എയർ ബസ് പങ്കാളിത്തം വ്യോമയാന മേഖലയിലെ ഇന്ത്യയുടെ വിജയത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പങ്കാളിത്തം ആരംഭിക്കുന്നതിൽ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനോട് അദ്ദേഹം നന്ദി അറിയിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സുപ്രധാന കരാർ ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതൽ ദൃഢമാക്കും. കൂടാതെ ഇത് സിവിൽ ഏവിയേഷൻ മേഖലയിലെ ഇന്ത്യയൂടെ പ്രതീക്ഷയുടെ പ്രതിഫലനം കൂടിയാണെന്ന് അദ്ദേഹം പരാമർശിച്ചു.

അധികം വൈകാതെ രാജ്യം ലോകത്തെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. എയര്‍ ബസില്‍ നിന്ന് 250 വിമാനങ്ങള്‍ വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ കരാര്‍ പ്രഖ്യാപനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ‘ഇന്‍ഡോ- പെസഫിക് മേഖലയിലെ സ്ഥിരതയിലും സുരക്ഷാവിഷയങ്ങളിലും ആഗോള ഭക്ഷ്യസുരക്ഷയിലും ആരോഗ്യമേഖലയിലും ഇന്ത്യയും ഫ്രാന്‍സും ഗുണപരമായ സംഭാവനയാണ് നല്‍കുന്നത്.

ഉഡാന്‍ പദ്ധതി പ്രകാരം രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളെ വിമാന മാര്‍ഗം ബന്ധിപ്പിക്കുകയാണ്. ഇത് ജനങ്ങളുടെ സാമ്പത്തിക- സാമൂഹിക വികാസം ത്വരിതപ്പെടുത്തുന്നു’, പ്രധാനമന്ത്രി പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ കരാറില്‍ എയര്‍ ബസില്‍ നിന്ന് 40 എ-350 വിമാനങ്ങളും 210 എ-320 വിമാനങ്ങളും വാങ്ങാനായിരുന്നു എയര്‍ ഇന്ത്യ കരാറിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനും പുറമേ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായ- വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍, രത്തന്‍ ടാറ്റ, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, എയര്‍ ബസ് സി.ഇ.ഒ. എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.