ജോർജ് ആലഞ്ചേരിക്ക് പകരക്കാരന്‍ ആര് ?: സിറോ മലബാര്‍ സഭ സിനഡ് ഇന്ന്

പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനുള്ള സിറോ മലബാര്‍ സഭയുടെ
സിനഡ് സമ്മേളനം ഇന്ന് ആരംഭിക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നത്.സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള 55 ബിഷപ്പുമാരാണ് ജനുവരി 13 വരെ നീണ്ടു നില്‍ക്കുന്ന സിനജ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനത്തിന്റെ രണ്ടാം ദിനമായ നാളെയായിരിക്കും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങുക.

സിനഡ് വിളിച്ച് ചേര്‍ക്കുന്നത് സീറോ മലബാര്‍ സഭയുടെ അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരക്കലാണെങ്കിലും സിനഡ് തിരഞ്ഞെടുപ്പില്‍ അദേഹത്തിന് പ്രത്യേക റോളില്ല. തിരഞ്ഞെടുപ്പ് നടത്തേണ്ടത് സിനഡ് നിശ്ചയിക്കുന്ന മെത്രാനാണ്. സാധാരണ സിനഡിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് ആ ചുമതലയില്‍ എത്തുക.

ഇതിനായി സാധാരണ മല്‍സരമുണ്ടാവാറില്ല. കഴിഞ്ഞ സീറോ മലബാര്‍ തിരഞ്ഞെടുപ്പ് സിനഡില്‍ ഈ ചുമതല അന്നത്തെ തലശേരി ആര്‍ച്ച്ബിഷപ്പ് ജോര്‍ജ് വലിയ മറ്റമാണ് നിര്‍വഹിച്ചത്. ഇത്തവണ സിനഡില്‍ പങ്കെടുക്കുന്നവരില്‍ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും മുതിര്‍ന്ന ആള്‍ കാഞ്ഞിരപ്പള്ളി മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലാണ്.

എന്നാല്‍ മെത്രാന്‍ സ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ സീനിയര്‍ മെത്രാന്‍ കല്യാണ്‍ രൂപത മെത്രാനായ തോമസ് ഇലവനാലാണ്. എന്നാല്‍ അദേഹം മേജര്‍ ആര്‍ച്ച് ബിഷപ്പിലേക്കുള്ള പദവിയില്‍ മല്‍സര രംഗത്തില്ലങ്കില്‍ മാത്രമെ ഈ ചുമതല നിര്‍വഹിക്കുക. മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ മുന്‍പന്തിയിലുള്ള പേര് അദേഹത്തിന്റേതാണ്, അതിനാല്‍ തന്നെ 79 വയസ് പൂര്‍ത്തിയായ കാഞ്ഞിരപ്പള്ളി മുന്‍ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലായിരിക്കും തിരഞ്ഞെടുപ്പ് നിയന്ത്രിക്കുക.