കറുത്ത ചുരിദാർ ധരിച്ച് നവകേരള സദസിനെത്തിയ യുവതിയെ തടഞ്ഞുവെച്ച സംഭവം, ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നവകരേള സദസ് കാണാൻ കറുത്ത ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ അന്യായമായി മണിക്കൂറുകളോളം പോലീസ് തടഞ്ഞുവെച്ചത് ചോദ്യം ചെയ്ത് യുവതി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. കൊല്ലം തലവൂർ സ്വദേശിനി അർച്ചനയാണ് ഹർജി നൽകിയത്.

അര്‍ച്ചന ഭർത്താവിന്‍റെ അമ്മയുമൊത്താണ് ഡിസംബര്‍ 18 ന് കൊല്ലത്ത് എത്തിയത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനാണ് വന്നതെന്ന് വിവരം ലഭിച്ചെന്ന് പറഞ്ഞ് കുന്നിക്കോട് പൊലിസ് ഏഴ് മണിക്കൂറിലേറെ തടഞ്ഞ് വെച്ചുവെന്നാണ് അര്‍ച്ചനയുടെ പരാതി.

തനിക്ക് നേരിട്ട് മാനഹാനിയ്ക്ക് നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. വലിയ മാനസിക സമ്മർദ്ദമാണ് നേരിട്ടതെന്നും മക്കളെ വരെ പലരും അധിക്ഷേപിക്കുകയും കളിയാക്കുന്നുവെന്നും അർച്ചന ആരോപിച്ചിരുന്നു.

അതേസമയം, ഭർത്താവ് ബിജെപി നേതാവായതുകൊണ്ടാണ് നവ കേരള സദസ് ബസ് കടന്നുപോയ വഴിയിൽ കറുത്ത ചുരിദാർ അണിഞ്ഞെത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് തലവൂർ സ്വദേശി അർച്ചന പറയുകയുണ്ടായി.